Wednesday, April 16, 2025
Kerala

ഒമിക്രോൺ ഭീഷണി: സംസ്ഥാനത്ത് പ്രത്യേക വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യമന്ത്രി

വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഡിസംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാനുള്ളവരെ കണ്ടെത്തി വാക്സിൻ നൽകുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്സിനെടുപ്പിക്കുകയും ചെയ്യുന്നു.

കോവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി ഫീൽഡ് തലത്തിലെ ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ വീട്ടിലെത്തി വാക്സിനെടുക്കാനായി അവബോധം നൽകും.

വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളിൽ ഒന്നും രണ്ടും ഡോസും ഉൾപ്പെടെ 4.4 ലക്ഷം പേർ വാക്സിനെടുത്തപ്പോൾ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളിൽ 6.25 ലക്ഷം പേർ വാക്സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിനേഷൻ 36,428 പേരിൽ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസിൽ നിന്നും 5.67 ലക്ഷം ഡോസായും വർധിച്ചിട്ടുണ്ട്.

വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേർക്ക് (2,57,04,744) ആദ്യ ഡോസ് വാക്സിനും 65.5 ശതമാനം പേർക്ക് (1,74,89,582) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,31,94,326 ഡോസ് വാക്സിനാണ് നൽകിയത്.

 

സംസ്ഥാനത്ത് 8 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. വാക്സിനേഷൻ യജ്ഞത്തിനായി കൂടുതൽ ഡോസ് വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വാക്സിൻ കോവിഡ് അണുബാധയിൽ നിന്നും ഗുരുതരാവസ്ഥയിൽ നിന്നും സംരക്ഷിക്കുമെന്ന് തെളിയിച്ചതാണ്. അനാവശ്യ കാരണം പറഞ്ഞ് വാക്സിനെടുക്കാത്തവർക്കെതിരെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്തവർ ഏറെ ജാഗ്രത പുലർത്തണം. ഇനിയും വാക്സിൻ എടുക്കാനുള്ളവരും വിദേശത്ത് നിന്നും വരുന്നവരിൽ വാക്സിൻ എടുക്കാനുള്ളവരും ഉടൻ വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *