Wednesday, April 16, 2025
Kerala

കുട്ടനാട്ടില്‍ വെള്ളക്കെട്ട്; റോഡുകളില്‍ വെള്ളം കയറി: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വെച്ചു

 

ആലപ്പുഴ ജില്ലയില്‍ മഴയ്ക്ക് ശമനം ഉണ്ടാവുമ്പോഴും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാവുന്നു. കുട്ടനാട്ടില്‍ വെള്ളക്കെട്ട് തുടരുന്നതിനിടെ പ്രധാന റോഡുകളിലും വെള്ളം കയറി.

എംസി റോഡിലും, എ.സി റോഡിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതക്കുരുക്കും രൂപം കൊണ്ടു. എംസി റോഡ് വഴിയുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. ആലപ്പുഴയില്‍ നിന്നും ചമ്പക്കുളം വഴി പൂപ്പള്ളി വരെ മാത്രമാണ് സര്‍വീസുകള്‍ നടക്കുന്നത്. തിരുവല്ല അമ്പലപ്പുഴ പാതയില്‍ നെടുബ്രം പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു. എടത്വ ഹരിപ്പാട് പാതയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

പന്തളം പത്തനംതിട്ട റോഡിലും ഗതാഗതം തടസപ്പെട്ടു, വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോവുന്നത്. അമ്പലപ്പുഴ – തിരുവല്ല, എടത്വ- ഹരിപ്പാട് സര്‍വീസുകളും കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. വിവിധ ഇടങ്ങളില്‍ മഴക്കെടുതിയും വെള്ളക്കെട്ടും രൂക്ഷമാവുന്നതിനിടെ സുരക്ഷാ മുന്‍കരുതലുകളും കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി കോട്ടയത്തെ എന്‍ഡിആര്‍എഫ് സംഘത്തെ ആലപ്പുഴയിലേക്ക് മാറ്റി. വെള്ളം ഇനിയും ഉയര്‍ന്നാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാനായി ആലപ്പുഴ എസ്ഡി കോളജും ചങ്ങനാശേരി നഗരസഭാ ഹാളും സജ്ജമാക്കി.

പമ്പാനദിയിലൂടെയും അച്ചന്‍കോവിലാറിലൂടെയും കിഴക്കന്‍ വെള്ളം എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ പാടശേഖരങ്ങളുടെയും തീരത്തുള്ള മിക്ക വീടുകളിലും വെള്ളം കയറിയ നിലയാണ്. അപ്പര്‍കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കൂടുതല്‍ ക്യാംപുകളും തുറന്നിട്ടുണ്ട്. ബുധനൂര്‍ പഞ്ചായത്തി വിവിധ ഭാഗങ്ങളിലും ചെന്നിത്തല പഞ്ചായത്തിലുമാണ് ദുരിതം രൂക്ഷമായത്. താഴ്ന്ന പ്രദേശങ്ങളിലും തുരുത്തുകളിലും കൃഷി ഇല്ലാത്ത പാടശേഖരങ്ങളുടെ പുറംബണ്ടിലും താമസിക്കുന്നവരുടെ പുരയിടങ്ങളും വീടുകളിലും വെള്ളംകയറിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *