മഴക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന്
തിരുവനന്തപുരം: മഴക്കെടുതിയും പുനരധിവാസവും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം. ചീഫ് സെക്രട്ടറി, മന്ത്രിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഡാമുകള്‍ പലതും തുറക്കണമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ചകൂടി മഴ വീണ്ടും കനക്കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡാമുകള്‍ ഇപ്പോള്‍ തന്നെ ചെറിയ രീതിയില്‍ തുറന്നുവിട്ട് അപകടം ഒഴിവാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതിനിടെ കോട്ടയത്തെ മഴക്കെടുതിയെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായി 8.6 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കോട്ടയം ജില്ലാ കലക്ടര്‍ക്ക് തുക അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങള്‍ക്കായി ഒരു കോടി രൂപയും, മരിച്ചവരുടെ ബന്ധുക്കള്‍ക്കായി 60 ലക്ഷം രൂപ, ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 50 ലക്ഷം രൂപ, മറ്റ് ആവശ്യങ്ങള്‍ക്കായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം.