Thursday, January 23, 2025
Top News

പ്രഭാത വാർത്തകൾ

പ്രഭാത വാർത്തകൾ

🔳രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണമെന്ന നിബന്ധന പിന്‍വലിച്ച് യുകെ. തിങ്കളാഴ്ച മുതല്‍ കൊവിഷീല്‍ഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ രണ്ടു ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. കൊവിഷീല്‍ഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ ഇതു വരെയുള്ള നിലപാട്. ഇതേതുടര്‍ന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യയും ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുള്‍പ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാര്‍ക്കു കൂടിയാണ് യുകെ നിയന്ത്രണം നീക്കിയത്. എന്നാല്‍ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ വേണ്ടി വരും.

🔳രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് 40,000 കോടി വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് വായ്പ അനുവദിച്ചത്. ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമെയാണ് തുക. വരുമാന നഷ്ടം പഠിച്ച് നിരക്ക് മാറ്റം ശുപാര്‍ശ ചെയ്യാന്‍ മന്ത്രിതല സമിതി നേരത്തെ രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വായ്പ അനുവദിച്ചിരിക്കുന്നത്.

🔳ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇതുവരെയുള്ള നടപടികള്‍ അറിയിക്കാന്‍ സുപ്രീംകോടതി ഇന്നലെ യുപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറസ്റ്റ് നടന്നിട്ടുണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.

🔳ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചു. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് ഇന്നലെ പൊലീസ് സമന്‍സ് അയച്ചത്. കര്‍ഷകര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ആശിശ് മിശ്രക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

🔳മനേക ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്നലെ പുറത്തുവിട്ട പുതിയ 80 അംഗ നിര്‍വാഹക സമിതി അംഗങ്ങളുടെ പട്ടികയിലാണ് ഇരുവരും ഉള്‍പ്പെടാതിരുന്നത്. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് കുമാര്‍ മിശ്രയും ബിജെപിയും പ്രതിക്കൂട്ടിലായ ലഖിംപുര്‍ ഖേരി സംഭവത്തില്‍ വരുണ്‍ഗാന്ധി വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വരുണിനേയും അമ്മയേയും മാറ്റി നിര്‍ത്തിയുള്ള പട്ടിക പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

🔳മുന്‍പെങ്ങുമില്ലാത്ത ഒരു വലിയ വൈദ്യുതി പ്രതിസന്ധിയുടെ വക്കിലാണ് രാജ്യമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 135 താപ വൈദ്യുത നിലയങ്ങളില്‍ പാതിയും കല്‍ക്കരിയുടെ കടുത്ത ക്ഷാമം നേരിടുകയാണ്. രാജ്യത്തെ 70 ശതമാനം വൈദ്യുതി ഉല്‍പ്പാദനവും കല്‍ക്കരിയെ അധിഷ്ടിതമായാണ് മുന്നോട്ട് പോകുന്നതെന്നതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി രാജ്യത്തിന് വരുംനാളുകളില്‍ വലിയ തിരിച്ചടിയാവും ഉണ്ടാക്കുക. കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 21,462 കോവിഡ് രോഗികളില്‍ 57.25 ശതമാനമായ 12,288 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 276 മരണങ്ങളില്‍ 51.08 ശതമാനമായ 141 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,33,591 സജീവരോഗികളില്‍ 50.86 ശതമാനമായ 1,18,806 രോഗികളും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്തെ കൊവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പഠനത്തില്‍ ലഭ്യമായ ഡേറ്റ ക്രോഡീകരിച്ചു വരികയാണ്. പ്രാഥമികമായ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ട്. സമഗ്രമായ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു.

🔳സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനം. അപേക്ഷ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും മന്ത്രിസഭ നിര്‍ദേശിച്ചു. ബിസിനസ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ ഫീസ് തുടരും.

🔳സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറിങ്ങും. ഇന്നലെ പുറത്തിറക്കാന്‍ ആലോചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ അംഗീകാരം വൈകിയതാണ് ഇന്നത്തേക്ക് മാറ്റാന്‍ കാരണം. സ്‌കൂള്‍ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ. ആദ്യം നല്‍കിയ നിര്‍ദേശം മാറ്റി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

🔳മലയാളി വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച ദില്ലി സര്‍വകലാശാലയിലെ അധ്യാപകന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ ‘മാര്‍ക്ക് ജിഹാദ്’ആരോപണത്തെ കരുതാനാകൂ എന്ന് മന്ത്രി പ്രതികരിച്ചു. മെറിറ്റ് അല്ലാതെയുള്ള കാരണങ്ങള്‍ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ് എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

🔳സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ പേരിലാണ് ഉത്തരവ്. ഇരുചക്രവാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതിനെ തുടര്‍ന്നാണ് ഉത്തരവ്. വണ്ടി ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടാന്‍ പാടില്ലെന്നാണ് ഉത്തരവ് പറയുന്നത്.

🔳ശോഭാ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് മാറ്റിയതിനെക്കുറിച്ച് ബിജെപി അഖിലേന്ത്യ പ്രസിഡന്റിനോട് ചോദിക്കണമെന്ന് വി മുരളീധരന്റെ പ്രതികരണം. ശോഭാ സുരേന്ദ്രന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള എണ്‍പത് അംഗ നിര്‍വാഹക സമിതിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്നലെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് വി മുരളീധരനും കുമ്മനം രാജശേഖരനും മാത്രമേ സമിതിയിലെ സ്ഥിരം അംഗങ്ങളായുള്ളൂ. നേരത്തെ ഉണ്ടായിരുന്ന ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍ അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെ ഒഴിവാക്കി. നേതൃമാറ്റം ആവശ്യപ്പെട്ടിരുന്ന കൃഷണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ക്ക് കടുത്ത ആഘാതമാണ് പുനസംഘടനയിലൂടെ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍.

🔳നോക്കുകൂലിക്കെതിരേ സ്വരംകടുപ്പിച്ച് ഹൈക്കോടി. നോക്കുകൂലി എന്ന വാക്ക് ഇനി കേരളത്തില്‍ കേട്ടുപോകരുതെന്ന് പറഞ്ഞ ഹൈക്കോടതി ഇത് തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെരേ കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്.

🔳ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000പേരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തില്‍ മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീര്‍ഥാടകര്‍ക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാവും പ്രവേശനം നല്‍കുക. ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ത്ഥാടകരെ അനുവദിക്കില്ല.

🔳സംസ്ഥാനത്തെ ബീവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയത്തില്‍ മാറ്റംവരുന്നു. വെള്ളിയാഴ്ച മുതലാണ് സമയക്രമത്തില്‍ മാറ്റം. വെള്ളിയാഴ്ച മുതല്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെ മദ്യ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കും. കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം എന്ന് ബെവ്കോ അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. രാവിലെ 11 മുതല്‍ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം.

🔳വിമാനത്താവളങ്ങളുടെ മാതൃകയില്‍ ഇനി റെയില്‍വേ സ്റ്റേഷനുകള്‍ക്കും യൂസര്‍ഫീ ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി കൈമാറി. മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കിയേക്കുമെന്നാണ് വിവരം. അടുത്തകാലത്ത് നവീകരിച്ചതോ, പുതുക്കിപ്പണിയാന്‍ പോകുന്നതോ ആയ സ്റ്റേഷനുകളില്‍ ഇനി മുതല്‍ യൂസര്‍ഫീ നല്‍കേണ്ടിവരും. 10 മുതല്‍ 50 രൂപ വരെയണ് ഈ ഇനത്തില്‍ ഈടാക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍.

🔳ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതികളെ വിടാനാണ് കോടതി ഉത്തരവ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.

🔳ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ച കേസില്‍ ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ കോടതി വിധി പറയുക. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യന്‍ ഖാന്‍. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ പ്രതികളെല്ലാം ഇപ്പോഴും എന്‍സിബി ഓഫീസില്‍ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതികളെ ഇന്ന് ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റും.

🔳പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിക്ക് ജേഴ്സി ദ്വീപിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലും രഹസ്യ നിക്ഷേപമെന്ന് പാന്‍ഡോര പേപ്പഴ്സിന്റെ വെളിപ്പെടുത്തല്‍. 6 ബില്യണ്‍ ഡോളറിലധികം കടബാധ്യത നിലനില്‍ക്കേയാണ് ഷെട്ടിയുടെ നിക്ഷേപം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഷെട്ടിക്ക് വിദേശത്ത് 80 ലധികം കമ്പനികളുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ സോളിസിറ്റര്‍ ജനറലായിരുന്ന ഹരീഷ് സാല്‍വെ, ലണ്ടനില്‍ വീട് വാങ്ങാന്‍ വിദേശത്ത് കമ്പനി ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

🔳കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ വിശ്വസ്തരുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. യെദിയൂരപ്പ സര്‍ക്കാരിന്റെ കാലത്തെ കരാറുകള്‍ സംബന്ധിച്ചും ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയാണ്.

🔳സാഹിത്യ നൊബേല്‍ പുരസ്‌കാരം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍ണക്ക്. 1948ല്‍ സന്‍സിബാര്‍ ദ്വീപില്‍ ജനിച്ച ഗുര്‍ണ ഇപ്പോള്‍ ബ്രിട്ടനിലാണ് താമസം. 1960ലാണ് അഭയാര്‍ത്ഥിയായി ബ്രിട്ടനിലെത്തുന്നത്. കെന്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്‍ഡ് പോസ്റ്റ് കൊളോണിയല്‍ ലിറ്ററേച്ചര്‍ വിഭാഗം പ്രൊഫസറായിരുന്നു. നിരവധി നോവലുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്.

🔳ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സ് വമ്പന്‍ ജയം നേടിയതോടെ പോയന്റ് പട്ടികയിലും മാറ്റം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം വെറും 13 ഓവറിലാണ് പഞ്ചാബ് മറികടന്നത്. 41 പന്തില്‍ 98 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഒറ്റക്കാണ് പഞ്ചാബിനെ അതിവേഗം ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയെങ്കിലും പോയന്റ് പട്ടികയിലെ ചെന്നൈയുടെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല.

🔳ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ 86റണ്‍സിന്റെ വമ്പന്‍ ജയവുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിലെ നാലാം സ്ഥാനം ഏതാണ്ടുറപ്പിച്ചത്. രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഷാര്‍ജയില്‍ സീസണിലെ ഏറ്റവം ഉയര്‍ന്ന സ്‌കോറായ 171 റണ്‍സ് കുറിച്ച കൊല്‍ക്കത്ത സഞ്ജു സാംസണെയും സംഘത്തെയും 16.1 ഓവറില്‍ വെറും 85 റണ്‍സിന് എറിഞ്ഞിട്ടാണ് 86 റണ്‍സിന്റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് ടിക്കറ്റുറപ്പിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 99,312 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,952 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 494 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,808 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,18,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനമായ 2,48,81,668 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 43.14 ശതമാനമായ 1,15,23,278 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182.

🔳രാജ്യത്ത് ഇന്നലെ 21,462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 24,955 പേര്‍ രോഗമുക്തി നേടി. മരണം 275. ഇതോടെ ആകെ മരണം 4,50,160 ആയി. ഇതുവരെ 3,39,14,465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.33 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,681 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,390 പേര്‍ക്കും മിസോറാമില്‍ 1,302 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,20,044 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 83,058 പേര്‍ക്കും ഇംഗ്ലണ്ടില്‍ 40,701 പേര്‍ക്കും റഷ്യയില്‍ 27,550 പേര്‍ക്കും തുര്‍ക്കിയില്‍ 30,019 പേര്‍ക്കും ജര്‍മനി 22,403 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.74 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.80 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,296 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,498 പേരും ബ്രസീലില്‍ 396 റഷ്യയില്‍ 924 പേരും ജര്‍മനിയില്‍ 411 പേരും മെക്സിക്കോയില്‍ 713 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.47 ലക്ഷം.

🔳ഇന്ത്യയിലെ തൊഴില്‍ വിപണി ശക്തമായ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ കമ്പനികളുടെ നിയമനം 18 മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് ടീംലീസ് എംപ്ലോയ്മെന്റ് ഔട്ട്ലുക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം കമ്പനികളും ഈ പാദത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. അതേസമയം, ജൂലൈ-സെപ്റ്റംബറില്‍ 38 ശതമാനം കമ്പനികളാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. 21 മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 650 ചെറുകിട, ഇടത്തരം, വന്‍കിട കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ടീംലീസ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

🔳ഒരാഴ്ചക്കിടെ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടവുമായി ഇന്ത്യന്‍ റെയില്‍വേ ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. ഏഴ് ദിവസങ്ങള്‍ക്കകം ഓഹരി വിലയില്‍ 689 രൂപയുടെ വര്‍ധനവാണുണ്ടായത്. ഓഹരി വില 20 ശതമാനത്തോളം വര്‍ധിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ 4,482 രൂപയിലാണ് എത്തി നില്‍ക്കുന്നത്. ഇന്‍ട്രാഡേയില്‍ ഇന്നലെ മാത്രം എട്ട് ശതമാനത്തോളമാണ് (316 രൂപ) ഉയര്‍ന്നത്. അതേസമയം, ഒക്ടോബര്‍ 29ന് ഐആര്‍സിടിസിയുടെ ഓഹരി വിഭജനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഓഹരി വില കുതിച്ചുയര്‍ന്നത്. 5:1 എന്ന അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ രണ്ട് രൂപ മുഖവിലയില്‍ അഞ്ച് ഓഹരികളായാണ് വിഭജിക്കുന്നത്.

🔳നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് രേവതി. കജോള്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പ്രഖ്യാപിച്ചത്. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് സിനിമയുടെ പേര്. യഥാര്‍ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം ‘സുജാത’ എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രം. സമീര്‍ അറോറയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

🔳അയ്യപ്പനും കോശിയും സിനിമയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ് ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നടി നിത്യ മേനോന്‍ കണ്ണമ്മയായി എത്തും. അയ്യപ്പന്‍ നായരുടെ കഥാപാത്രം തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു. ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്. കോശി കുര്യന്‍ തെലുങ്കില്‍ ഡാനിയല്‍ ശേഖര്‍ ആണ്. പവന്‍ കല്യാണ്‍ അയ്യപ്പന്‍ നായര്‍ ആകുമ്പോള്‍ റാണ ദഗുബതിയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കോശി കുര്യനെ അവതരിപ്പിക്കുന്നത്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കില്‍ സംയുക്ത മേനോന്‍ അഭിനയിക്കുന്നു. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

🔳രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന ബ്രാന്‍ഡായ ടിവിഎസ് മോട്ടോര്‍ കമ്പനി ഒരു പുതിയ 125 സിസി സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പുതിയ 125 സിസി സ്‌കൂട്ടര്‍ ടിവിഎസ് ജൂപ്പിറ്റര്‍ 125 ആണ്. പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 ല്‍ പുതിയ രൂപകല്‍പ്പനയും സെഗ്മെന്റ് ലീഡേഴ്‌സിന് തുല്യമായി നിലനിര്‍ത്തുന്നതിന് നൂതന സവിശേഷതകളും കൂടാതെ 125 സിസി കരുത്തും ഉണ്ടാകും. ലോഞ്ച് ചെയ്യുന്നതിന് മുമ്പ്, ടിവിഎസ് ജൂപ്പിറ്റര്‍ 125 ന്റെ ഒരു ടീസര്‍ അവതരിപ്പിച്ചിട്ടുണ്ട്.

🔳മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടിലിനെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകം. ‘അക്ബര്‍ കക്കട്ടില്‍ – ദേശഭാവനയുടെ കഥാകാരന്‍’. എഡിറ്റര്‍: ലസിത സംഗീത്. മാതൃഭൂമി. വില 304 രൂപ.

🔳മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് കരള്‍. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, രോഗങ്ങളോടും അണുബാധയോടും പോരാടുക, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഉന്‍മൂലനം ചെയ്യുക, ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുക എന്നിവയാണ് കരളിന്റെ ചില പ്രധാന ജോലികള്‍. കരളിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം. ഫാറ്റി ലിവര്‍ പ്രശ്നങ്ങള്‍ തടയുന്നതിന് ബ്രോക്കോളി മികച്ചൊരു പച്ചക്കറിയാണ്. പോഷകഗുണമുള്ള ബ്രോക്കോളി പുഴുങ്ങിയോ സാലഡില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാം. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ബ്രോക്കാളി സഹായിക്കും. ഗ്രീന്‍ ടീയിലെ ‘കാറ്റെച്ചിന്‍’ എന്ന ആന്റി ഓക്സിഡന്റ് കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗസാധ്യത കുറയ്ക്കാനും അമിതവണ്ണം അകറ്റാനുമെല്ലാം ഗ്രീന്‍ ടീ ഫലപ്രദമാണ്. ബദാം വൈറ്റമിന്‍ ഇയുടെ കലവറയാണ്. ഫാറ്റി ലിവറിനെ പ്രതിരോധിക്കാന്‍ അവശ്യം വേണ്ടതാണ് വൈറ്റമിന്‍ ഇ. കരളിനു മാത്രമല്ല, കണ്ണിനും ഹൃദയത്തിനും നല്ലതാണ് ബദാം.കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ക്ക് ആന്റിഓക്‌സിഡന്റുകളും വീക്കം തടയുവാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. ഇത് സിറോസിസിന്റെ വളര്‍ച്ചയില്‍ നിന്ന് കരളിനെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്‍ നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു. കരളിന്റെ സുഹൃത്താണ് പോളിഫിനോള്‍സ് അടങ്ങിയ ബ്ലൂ ബെറി. നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍, ഹൈ കൊളസ്ട്രോള്‍, അമിതവണ്ണം ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ ഇതിന് സാധിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *