Wednesday, April 16, 2025
Kerala

ആശുപത്രി ജീവനക്കാരെത്തിയില്ല; കൊല്ലത്ത് ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ കിടന്ന് കൊവിഡ് രോഗി മരിച്ചു

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെത്തിച്ച കൊവിഡ് രോഗി ചികിത്സ ലഭിക്കാതെ മരണപ്പെട്ടു. പാരിപ്പള്ളി പള്ളിവിള ജവഹര്‍ ജങ്ഷന്‍ അശ്വതിയില്‍ ബാബു(68)വാണ് മരിച്ചത്. ആംബുലന്‍സിലെത്തിച്ച രോഗിയ ആശുപത്രിയിലേക്ക് മാറ്റാന്‍ ചുമതലയുള്ള ജീവനക്കാര്‍ എത്താന്‍ വൈകിയിരുന്നു. ജീവനക്കാരെ കാത്ത് അരമണിക്കൂറോളം അത്യാഹിത വിഭാഗത്തിനു മുന്നില്‍ കിടന്ന രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രി 11നാണ് സംഭവം.

ബാബുവിനും മകള്‍ക്കും കൊച്ചുമക്കള്‍ക്കും ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ചിരുന്നു. ശനിയാഴ്ച രാത്രി ബാബുവിന് രോഗം തീവ്രമായി. ഓക്‌സിജന്റെ അളവ് കുറഞ്ഞു. വാര്‍ഡ് കൗണ്‍സിലറെയും ആരോഗ്യപ്രവര്‍ത്തകരെയും ബന്ധപ്പെട്ടപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുകയും രോഗിയെ എത്തിക്കുന്ന വിവരം വിവരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറിയിക്കുകയും ചെയ്തു.

മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിനുമുന്നില്‍ ആംബുലന്‍സ് എത്തിയെങ്കിലും രോഗിയെ ആശുപത്രിയിലേക്കുമാറ്റാന്‍ ആരുമെത്തിയില്ല. അപ്പോഴേക്കും ഓക്‌സിന്റെ അളവ് 60 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. പിന്നീട് 15 മിനിറ്റ് കഴിഞ്ഞാണ് സുരക്ഷാവസ്ത്രം ധരിച്ച് ജീവനക്കാരന്‍ വന്നത്. അപ്പോഴേക്കും ബാബു മരിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ആശുപത്രി ജീവനക്കാരുമായി തര്‍ക്കമായി. പാരിപ്പള്ളി പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. പോലിസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *