കൊവിഡ് ബാധിച്ചതിന് ശേഷം കൊവാക്‌സിന്റെ ഒറ്റ ഡോസ് എടുത്താലും രണ്ട് ഡോസിന് തുല്യമെന്ന് ഐസിഎംആർ പഠനം
കൊവിഡ് ബാധിതരായ ശേഷം കൊവാക്‌സിന്റെ ഒരു ഡോസ് എടുത്തവർക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ രോഗപ്രതിരോധ ശേഷിയെന്ന് ഐസിഎംആറിന്റെ പഠനം. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ തുടങ്ങിയവരിലാണ് പരീക്ഷണം നടത്തിയത്. കൊവിഡ് നേരത്തെ ബാധിച്ച ശേഷം കൊവാക്‌സിന്റെ ഒരു ഡോസ് എടുത്തവർക്ക് കൊവിഡ് ഇതുവരെ ബാധിക്കാതെ രണ്ട് ഡോസ് കൊവാക്‌സിൻ എടുത്തവർക്ക് ലഭിക്കുന്ന അതേ പ്രതിരോധ ശേഷി ലഭിക്കുമെന്നാണ് ഐസിഎംആർ പറയുന്നത്.
ആന്റിബോഡിയുടെ അളവ് മൂന്ന് ഘട്ടങ്ങളിലാണ് പരിശോധിക്കപ്പെട്ടത്. വാക്‌സിനെടുത്ത ദിവസം, ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള ഒരു മാസം, ആദ്യ ഡോസ് എടുത്തതിന് ശേഷമുള്ള രണ്ടാം മാസം എന്നീ ഘട്ടങ്ങളിലാണ് ആന്റിബോഡിയുടെ അളവുകൾ രേഖപ്പെടുത്തിയത്.
വലിയൊരു ജനസംഖ്യയിൽ പഠനം നടത്തി അനുകൂല ഫലം ലഭിക്കുകയാണെങ്കിൽ നേരത്തെ കൊവിഡ് ബാധിതരായവർക്ക് കൊവാക്‌സിന്റെ ഒരു ഡോസ് മതിയെന്ന നിർദേശം നൽകാനാകുമെന്ന് ഐസിഎംആറിലെ ശാസ്ത്രജ്ഞർ പറയുന്നു.