Thursday, October 17, 2024
Kerala

ഇ ബുൾ ജെറ്റ് ട്രാവലര്‍ നെപ്പോളിയന്‍റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി; നോട്ടീസ് പതിച്ചു

 

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി. ഇരിട്ടി ആർടിഒ ഇതു സംബന്ധിച്ച നോട്ടീസ് നൽകി. അങ്ങാടിക്കടവിലുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വീട്ടിലാണ് നോട്ടീസ് പതിച്ചത്.

കണ്ണൂർ ആർടിഒ ഓഫീസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത വ്ലോ​ഗർമാരായ ലിബിനും എബിനും ഇന്നലെയാണ് ജാമ്യം ലഭിച്ചത്.

അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായുള്ള നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങിയത്.

വ്ലോഗേഴ്സിന്‍റെ ലൈസൻസ് റദ്ദാക്കാനും ഗതാഗത കമ്മീഷണർ ശുപാർശ ചെയ്തിട്ടുണ്ട്. വാഹനം അനുമതിയില്ലാതെ രൂപമാറ്റം നടത്തിയതിന് 42000 രൂപ പിഴനൽകണമെന്ന ആവശ്യം അംഗീകരിക്കാതെയായിരുന്നു വ്ലോഗർമാർ ബഹളം വച്ചത്. ആര്‍ടിഒ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ച ഇ ബുൾ ജെറ്റ് ഫാൻസായ 17 പേർക്കെതിരെ കൊവിഡ് ചട്ടം ലംഘിച്ചതിന് കേസെടുത്തു.

സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം നടത്തിയതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടുപേർക്കെതിരെ കേസുണ്ട്. യൂട്യൂബർമാരുടെ ഇതുവരെയുള്ള എല്ലാ വീഡിയോയും വിശദമായി പരിശോധിക്കുമെന്നും നിയമലംഘനം നടത്താൻ ആളുകളോട് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.