കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണങ്ങൾ
ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് പിന്നിൽ ഒന്‍പത് കാരണങ്ങളാണെന്ന് കേന്ദ്ര സംഘം. വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തില്‍ വാക്സിൻ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കില്‍ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉള്‍പ്പടെ ജില്ലകള്‍ നല്കിയ കണക്ക് പരിശോധിക്കും.
സംസ്ഥാനത്ത് 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കൂടുതലാണ്. മറ്റ് അസുഖങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാണ്. പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കണം. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ വെല്ലുവിളിയെന്നും കേന്ദ്ര സംഘം പറയുന്നു.
അതേസമയം കേരളത്തിലെ കോവിഡ് മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 18,000 കടന്നു. 18,004 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്