ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണില്‍ വീണ് കാഴ്ച്ച നഷ്ടപ്പെട്ടു
കാസര്‍ഗോഡ്: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആളുടെ കണ്ണിലേക്ക് ഗ്ലൂക്കോസ് കുപ്പിയിലെ സൂചി തെറിച്ചു വീണ് കാഴ്ച്ച നഷ്ടമായെന്ന് പരാതി. കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന യുവാവിനാണ് അപകടം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി. ബിനോയി(42)യുടെ ഇടതു കണ്ണിലേക്കാണ് സൂചി തെറിച്ചു വീണത്.
കഴിഞ്ഞ ജൂണ്‍ 11നായിരുന്നു ബിനോയിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. കട്ടിലിനോടു ചേര്‍ത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്നു ഇടതു കണ്ണിലേക്ക് സൂചി വീഴുകയായിരുന്നു. സൂചി കണ്ണില്‍ വീണതിനെത്തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ണിനു കുഴപ്പമൊന്നുമില്ലെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞതായി ബിനോയ് പറയുന്നു.
പിന്നീട്, ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതോടെ ബിനോയിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാല് ദിവസത്തോളം മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കണ്ണുവേദന ശക്തമായത്. കാഴ്ച്ചയും കുറഞ്ഞു. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ണിന് പരുക്കേറ്റതായി കാണപ്പെടുകയായിരുന്നു. ശസ്ത്രക്രിയ നടത്തി ലെന്‍സ് മാറ്റി വയ്ക്കാനാണ് ഡോക്ടര്‍ പറഞ്ഞത്.