കുട്ടികളിലെ കൊവാക്സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ തുടങ്ങി
കുട്ടികളിലെ കൊവാക്സിൻ പരീക്ഷണത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. 2നും 6നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം.
ജൂൺ മൂന്നിനാണ് 2 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കൊവാക്സിൻ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് ആദ്യ ഘട്ടത്തിൽ 10 കുട്ടികളിൽ കൊവാക്സിൻ പരീക്ഷിച്ചിരുന്നു. ഈ കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞാണ് ഇപ്പോൾ രണ്ടാം ഘട്ട പരീക്ഷണത്തിന് പൊതുവായ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്.
രാജ്യത്ത് ഇതുവരെ 2,99,77,861 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 2,89,26,038 പേരാണ്. ആകെ കൊവിഡ് മരണം 3,89,302 ആണ്. നിലവിൽ 6,62,521 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.