Thursday, January 23, 2025
National

സ്‌കൂളുകൾ തുറക്കുന്നതെപ്പോൾ; വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: സ്‌കൂളുകൾ എപ്പോൾ തുറക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം. അധ്യാപകരിൽ ഭൂരിഭാഗവും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമായതിനും ശേഷമേ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. മഹാമാരിക്ക് നമ്മെ മുറിവേൽപിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകൾ തുറക്കാനാവില്ലെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു.

വിദേശരാജ്യങ്ങളിൽ എങ്ങനെയാണ് സ്‌കൂളുകൾ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്‌ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം. സ്‌കൂളുകൾ വീണ്ടും തുറക്കുക എന്നത് വ്യത്യസ്തമായ ഒരു വിഷയമാണ്. അത് കുട്ടികളെ കുറിച്ച് മാത്രമുള്ളതല്ല. അധ്യാപകരും അനധ്യാപകരും ഒക്കെ ഉൾപ്പെട്ടതാണ്. ആർജിത പ്രതിരോധ ശേഷിയെന്നത് വെറും അഭ്യൂഹം മാത്രമാണ്. വൈറസ് രൂപം മാറുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പരിഗണിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികളിൽ കോവിഡിന്റെ തീവ്രത കുറവാണ്, എന്നാൽ നാളെ ഗുരുതരമായാൽ എന്തുചെയ്യുമെന്ന് വി കെ പോൾ ചോദിച്ചു.

പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളിലും കോവിഡിന് എതിരായ ആന്റിബോഡികൾ രൂപപ്പെട്ടുവെന്നും അതിനാൽ മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കിൽ അത് കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യസംഘടനയുടെയും സർവേയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂളുകൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന്റെ ഒരു ഘടകം മാത്രമാണ് കുട്ടികളിലെ സീറോ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ചുള്ള കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *