Friday, January 10, 2025
National

കൊവിഡ് ബാധിച്ച് സിംഹം മരിച്ചു; പിന്നാലെ ആനകള്‍ക്കു കൂട്ടത്തോടെ പരിശോധന

കോയമ്പത്തൂര്‍: മൃഗശാലയിലെ ഒരു സിംഹം കൊവിഡ് ബാധിച്ച് മരിക്കുകയും ഒമ്പതെണ്ണത്തിനു രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ തമ്‌ഴിനാട്ടില്‍ ആനകള്‍ക്ക് കൂട്ടത്തോടെ പരിശോധന നടത്തുന്നു. കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ രണ്ട് ക്യാംപുകളില്‍ ചൊവ്വാഴ്ച 56 ആനകള്‍ക്ക് കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. കൊവിഡ് ബാധിച്ച് ഒരു സിംഹം മരണപ്പെട്ടതിനു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആനകള്‍ക്കു കൂട്ടത്തോടെ കൊവിഡ് പരിശോധിക്കാന്‍ തീരുമാനിച്ചത്. ചെന്നൈയിലെ ഒരു മൃഗശാലയില്‍ ഒമ്പത് സിംഹങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു.

കോയമ്പത്തൂര്‍ ജില്ലയിലെ ടോപ്‌സ്‌ലിപ്പിലെ കോഴിക്കുമുടി ക്യാംപിലെ 28 ആനകളുടെ സ്രവമാണ് പരിശോധനയ്ക്കായി അയച്ചതെന്ന് തമ്‌ഴിനാട് വനം മന്ത്രി കെ രാമചന്ദ്രന്‍ അറിയിച്ചു. ക്യാംപില്‍ 18 ആണ്‍, 10 പെണ്‍ ആനകളാണുള്ളത്. ഇതില്‍ മൂന്ന് കുംകികള്‍ (മെരുങ്ങിയ ആനകള്‍), അഞ്ച് ‘സഫാരി’ ആനകള്‍, നാല് വൃദ്ധരായവയുമാണ്. ക്യാംപില്‍ 60 പാപ്പാന്‍മാര്‍ക്കും സഹായികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കി. ആന്റി പോച്ചിങ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റുകളും ഫോറസ്റ്റ് ഗാര്‍ഡുകള്‍ക്ക് യൂനിഫോമും വിതരണം ചെയ്തു.

അതേസമയം, നീലഗിരി ജില്ലയിലെ മുടുമലയിലെ തെപ്പകാട് ക്യാംപിലെ 28 ആനകളുടെ സാംപിളുകളാണ് ശേഖരിച്ചത്. ഇവിടെ 52 പാപ്പാന്‍മാര്‍ക്കും 27 രണ്ടാം പാപ്പാന്‍മാര്‍ക്കും വാക്‌സിനേഷന്‍ നല്‍കി. ആനകളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ച് ഉത്തര്‍പ്രദേശിലെ ഇസത്‌നഗറിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്കായി അയയ്ക്കാന്‍ മന്ത്രി രാമചന്ദ്രന്‍ ഉത്തരവിട്ടതായി വനംവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ വൈറസ് മൂലം ചെന്നൈയിലെ വണ്ടലൂരിലെ അരിഗ്‌നാര്‍ അന്ന സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ വ്യാഴാഴ്ച മരിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തുന്നത്. പാര്‍ക്കിലെ 11 സിംഹങ്ങളില്‍ 9 എണ്ണത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *