Wednesday, April 16, 2025
Kerala

ക്രാഷ് ലാൻഡിങ് അല്ലെന്ന് ലുലു ഗ്രൂപ്പ്; കനത്ത മഴയിൽ യാത്ര തുടരാനായില്ല; ചതുപ്പിലിറക്കാൻ പൈലറ്റിന്റെ തീരുമാനം

 

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ കനത്ത മഴ മൂലമാണ് നിലത്തിറക്കേണ്ടി വന്നതെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ. യാത്രക്കാർ എല്ലാം സുരക്ഷിതരാണ് എന്നും നന്ദകുമാർ പറഞ്ഞു. യൂസഫലി, ഭാര്യ സാബിറ, പേഴ്‌സണൽ സെക്രട്ടറി ഷാഹിദ് പി.കെ, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് കോപ്ടറിലുണ്ടായിരുന്നത്.

‘ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പോലെ കോപ്ടറിന്റേത് ക്രാഷ് ലാൻഡിങ് ആയിരുന്നില്ല. മഴ മൂലം പറക്കൽ ദുഷ്‌കരമാണെന്ന് പൈലറ്റ് നിർണയിച്ചു. യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്ത് ചതുപ്പിൽ ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു’ – നന്ദകുമാർ പറഞ്ഞു.

റമദാന് മുമ്പുള്ള സ്വകാര്യ യാത്രയ്ക്കിടെയാണ് അപകടമുണ്ടായത് എന്നും നന്ദകുമാർ വിശദീകരിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടാണ് സംഭവം.

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കോപ്ടർ രക്ഷപ്പെട്ടത്. ചതുപ്പിൽ ഇടിച്ചിറക്കാൻ പൈലറ്റ് കാണിച്ച വൈദഗ്ധ്യമാണ് വഴിത്തിരിവായത്. ഇത് ലാൻഡിങ്ങിന്റെ ആഘാതം കുറച്ചു. തൊട്ടടുത്തുള്ള മതിലിൽ കോപ്ടറിന്റെ ലീഫ് തട്ടാതിരുന്നതും രക്ഷയായി. നിമിഷ നേരം കൊണ്ടാണ് കോപ്ടർ വീണത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

സംഭവത്തെ കുറിച്ച് പ്രദേശവാസി പറയുന്നതിങ്ങനെ;

‘രാവിലെ 8.30ഓടെയാണ് സംഭവം. മഴയുണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയത്. വേറെ സ്ഥലത്തായിരുന്നെങ്കിൽ കത്തിപ്പിടിച്ചേനെ. പുള്ളി ചെയ്ത പുണ്യത്തിൻ്റെ ഫലം കൊണ്ടാണ് ഇങ്ങനെ ആയത്. പൈലറ്റടക്കം അഞ്ച് പേരുണ്ടായിരുന്നു. സാധാരണ ഗ്രൗണ്ടിലാണ് വന്നിറങ്ങാറുള്ളത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയവർ ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ പുറത്തുവരാൻ സഹായിച്ചു. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു’.

 

Leave a Reply

Your email address will not be published. Required fields are marked *