Thursday, January 23, 2025
Kerala

ലീഗ് ഈ ദിവസം വർഷങ്ങളോളം ഓർമിക്കും, ഉറപ്പ്’; കൊലയ്ക്ക് മുമ്പ് ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ സ്റ്റാറ്റസ്

 

കണ്ണൂർ: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർക്കെതിരെ കൂടുതൽ തെളിവുകൾ. ലീഗ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സ്റ്റാറ്റസാണ് പുറത്തുവന്നത്. ‘ ഈ ദിവസം ലീഗുകാർ വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പ്’ – എന്നാണ് ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ സ്റ്റാറ്റസ്.

ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു എന്നും എന്നാൽ ഒന്നുമുണ്ടായില്ലെന്നും ലീഗ് ആരോപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ലീഗ് പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂത്തുപറമ്പിലെ 149-ാം ബൂത്തിൽ വച്ചായിരുന്നു ഭീഷണി.

സംഭവത്തിൽ കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസി ഷിനോസ് പിടിയിലായിട്ടുണ്ട്. ഇയാൾ സിപിഎം പ്രവർത്തകനാണ്. രാത്രി എട്ടു മണിയോടെ മൻസൂറിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. വീടിനു മുമ്പിൽ ബോംബെറിഞ്ഞ് ഭീതിയുണ്ടാക്കിയ ശേഷം മൻസൂറിനെ വടിവാളു കൊണ്ട് വെട്ടുകയായിരുന്നു. കാലിനു വെട്ടേറ്റ മൻസൂർ രക്തം വാർന്നാണ് മരിച്ചത്.

മൻസൂറിനെയും സഹോദരൻ മുഹ്‌സിനെയും അക്രമിച്ച സംഘത്തിൽ 15 പേരുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാൾ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *