സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഐ സി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി
സുൽത്താൻ ബത്തേരി: സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഐ സി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത നിയോജക മണ്ഡലം കൺവെൻഷന് ശേഷം പഞ്ചായത്ത് തല കൺവെൻഷനുകളാണ് ഇപ്പോൾ നടക്കുന്നത്.ഇന്ന് രാവിലെ 10 ന് മുള്ളൻകൊല്ലിയിലും 11 ന് പുൽപ്പള്ളിയിലും 3 ന് മീനങ്ങാടിയിലും സ്ഥാനാർത്ഥി പങ്കെടുക്കുന്ന പഞ്ചായത്ത് കൺവെൻഷനുകൾ നടക്കും. പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പുള്ളതിനാൽ തന്നെ ആഴ്ച്ചകൾക്ക് മുൻപ് തന്നെ ഐസി ബാലകൃഷ്ണൻ അനൗദ്യോഗികമായി പ്രചരണം ആരംഭിച്ചിരുന്നു. പ്രമുഖരായ വ്യക്തികളെയും വിവിധ സംഘടന ഭാരവാഹികളെയുമൊക്കെ കണ്ട് വോട്ടഭ്യർത്ഥന നടത്തിയ ഐ സി ബാലകൃഷ്ണൻ ഭൂരിഭാഗം കോളനികളും സന്ദർശിച്ചു കഴിഞ്ഞു.കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണ കാലയളവിലെ വികസന നേട്ടങ്ങൾ എടുത്ത് പറഞ്ഞു കൊണ്ട് പ്രാദേശിക റാലികളടക്കമുള്ള വലിയ പ്രചരണ പരിപാടികളാണ് യു ഡി എഫ് ആസൂത്രണം ചെയ്യുന്നത്. രാഹുൽ ഗാന്ധി എം പി യുടെ മണ്ഡലം കൂടിയായതിനാൽ പ്രിയങ്ക ഗാന്ധിയും മറ്റ് താരപ്രചാരകരും സുൽത്താൻ ബത്തേരിയിലെത്തും.ആദ്യം നിന്നപ്പോൾ ലഭിച്ച 7200 വോട്ട് കഴിഞ്ഞ പ്രാവശ്യം 13700 ആയെങ്കിൽ ഇത്തവണ ഭൂരിപക്ഷം കാൽ ലക്ഷം കവിയുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്.