Tuesday, April 15, 2025
Kerala

ഹൈദരാബാദ് – ജംഷഡ്പൂര്‍ മത്സരം സമനിലയില്‍

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സി – ജംഷഡ്പൂര്‍ എഫ്‌സി മത്സരം സമനിലയില്‍. രണ്ടാം പാദത്തില്‍ ഇരുപക്ഷവും ഓരോ ഗോള്‍ വീതമടിച്ചു. 50 ആം മിനിറ്റില്‍ അരിടാനെ സാന്‍ടാന അടിച്ച ഗോളില്‍ ഹൈദരാബാദ് എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 85 ആം മിനിറ്റില്‍ സ്റ്റീഫന്‍ എസ്സിയിലൂടെ ജംഷഡ്പൂര്‍ ഗോള്‍ മടക്കി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയും ഹൈദരാബാദിന്റെ പേരിലുണ്ട്. നാലാം സ്ഥാനത്താണ് മാനുവേല്‍ മാര്‍ക്കേസ് റോച്ചയുടെ ഹൈദരാബാദ് എഫ്‌സി തുടരുന്നതും. മറുഭാഗത്ത് ഒരു തോല്‍വിയും രണ്ടു സമനിലയുമാണ് ഈ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ പ്രകടനം. പോയിന്റ് പട്ടികയില്‍ ടീം എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

ബുധനാഴ്ച്ച ഒപ്പത്തിനൊപ്പമായിരുന്നു ഹൈദരാബാദും ജംഷഡ്പൂരും തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ പന്തുതട്ടിയത്. രണ്ടാം മിനിറ്റില്‍ ജംഷഡ്പൂരില്‍ നിന്നും ആദ്യ ആക്രമണം മത്സരം കണ്ടു. നെരിജുസ് വാല്‍സ്‌ക്കിസും ജാക്കിചന്ദ് സിങ്ങും ചേര്‍ന്ന് ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയെ പലതവണ പരീക്ഷിച്ചു. എന്നാല്‍ ഹൈദരാബാദിന്റെ വലയില്‍ പന്തെത്തിയില്ലെന്നുമാത്രം. ഇതിനിടെ 41 ആം മിനിറ്റില്‍ ഹാലിചരണ്‍ നര്‍സാരിയുടെ ഷോട്ട് ജംഷ്ഡപൂര്‍ പാളയത്തില്‍ ആശങ്ക വിതച്ചു. പന്തുമായി ഒറ്റയ്ക്ക് മുന്നേറി നര്‍സാരി തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നു. 50 ആം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറക്കുന്നത്. ഗോള്‍കീപ്പര്‍ പവന്‍ കുമാറിന്റെ പിഴവ് അരിടാനെ സാന്‍ടാന മുതലെടുത്തു. നര്‍സാരിയുടെ ഷോട്ട് തടുത്ത പവന്‍ കുമാര്‍ സാന്‍ടാനയ്ക്ക് നേര്‍ക്കാണ് പന്ത് തട്ടികയറ്റിയത്. കിട്ടിയ അവസരം സാന്‍ടാനെ വലയിലാക്കുകയും ചെയ്തു.

71 ആം മിനിറ്റില്‍ ജംഷഡ്പൂര്‍ കടം വീട്ടിയെങ്കിലും ഓഫ്‌സൈഡ് കുരുക്കില്‍പ്പെട്ടു. അയ്‌തോര്‍ മണ്‍റോയുടെ ഫ്രീകിക്ക് തട്ടിയകറ്റാന്‍ കട്ടിമണിക്ക് സാധിച്ചെങ്കിലും പന്ത് സാന്‍ടാനയില്‍ത്തട്ടി വലയില്‍ കയറുകയായിരുന്നു. എന്തായാലും ഓണ്‍ഗോള്‍ അപ്പീല്‍ റഫറി അനുവദിച്ചില്ല. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് സ്റ്റീഫന്‍ എസ്സിയിലൂടെ ഹൈദരാബാദ് സമനില കണ്ടെത്തുന്നത്. പന്തുമായി ഇരച്ചെത്തിയ വാല്‍സ്‌ക്കിസ് ചിങ്ക്‌ളന്‍സനയ്ക്ക് ക്രോസ് കൊടുക്കുന്നു. ചിങ്‌ളന്‍സനയുടെ ഹെഡര്‍ വീണതാകട്ടെ വില്യം ലാല്‍നന്‍ഫെലയുടെ മുന്നിലും. അവിടുന്ന് പന്ത് സ്റ്റീഫന്‍ എസ്സിയുടെ കാലുകളിലേക്കും. കട്ടിമണിയെ കാഴ്ച്ചക്കാരനാക്കി പന്തിനെ വലയിലാക്കാന്‍ നൈജീരിയക്കാരനായ എസ്സിയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഇന്‍ജുറി ടൈമില്‍ കളത്തിനകത്ത് കയറിയതിന് ഹൈദരാബാദ് പരിശീലകന്‍ മാര്‍ക്കേസിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയതിനും മത്സരം സാക്ഷിയായി.

Leave a Reply

Your email address will not be published. Required fields are marked *