വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു: നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. പൊലീസ് നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.പോസ്റ്റിന്റെ പൂർണ്ണ രൂപം:
പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്
അപകീർത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്.
കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.