Sunday, January 12, 2025
National

‘ദ വയർ എഡിറ്റർമാരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ടുനൽകണം’; ഡൽഹി പൊലീസിനോട് കോടതി

‘ദ വയർ’ ഓൺലൈൻ പോർട്ടൽ എഡിറ്റർമാരിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വിട്ടുനൽകാണാമെന്ന് ഡൽഹി കോടതി. ഇലക്ട്രോണിക് ഉപകരണങ്ങൾ അനിശ്ചിതമായി പിടിച്ചുവയ്ക്കാൻ കഴിയില്ലെന്നും 15 ദിവസത്തിനകം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ബിജെപി നേതാവ് അമിത് മാളവ്യ നൽകിയ മാനനഷ്ടക്കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എഡിറ്റർമാരിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തത്.

‘ദ വയര്‍’ എഡിറ്റർമാർ സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡൽഹി പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ 15 ദിവസത്തിനകം വിട്ടുനൽകണമെന്നാണ് ഉത്തരവ്. പോർട്ടലിന്റെ സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം.കെ.വേണു, സിദ്ധാർഥ് ഭാട്ടിയ, ഡെപ്യൂട്ടി എഡിറ്റർ ജാഹ്നവി സെൻ, പ്രൊഡക്റ്റ് കം-ബിസിനസ് ഹെഡ് മിഥുൻ കിഡംബി എന്നിവർക്ക് ഉപകരണങ്ങൾ വിട്ടുനല്കാതിരിക്കാൻ മതിയായ കാരണമില്ലെന്ന് തീസ് ഹസാരി കോടതി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സിദ്ധാർത്ഥ മാലിക് പറഞ്ഞു.

അന്വേഷണത്തിൻ്റെ ഭാഗമായി പിടിച്ചെടുത്ത ഉപകരണങ്ങൾ വളരെക്കാലമായി അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിലാണെന്നും തുടർന്നുള്ള ഏത് അന്വേഷണത്തിനും അവയുടെ മിറർ ഇമേജുകൾ എഫ്എസ്എല്ലിൽ(ഫൊറൻസിക് സയൻസ് ലബോറട്ടറി ഡിവിഷൻ) ലഭ്യമാണെന്നും കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കിൽ പിന്നീടുള്ള ഘട്ടത്തിൽ അന്വേഷണത്തിനായി ഐഒയ്ക്ക് ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനായി എഡിറ്റർമാർക്ക് ന്യായമായ വ്യവസ്ഥകൾ ചുമത്താമെന്നും കോടതി പറഞ്ഞു. അതിനാൽ ഉപകരണങ്ങൾ സ്വന്തം കസ്റ്റഡിയിൽ സൂക്ഷിക്കാനായി അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി എഡിറ്റർമാരോട് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *