ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ പാസായി; റിസോര്‍ട്ട്, പാര്‍ട്ടി ഓഫിസ് തുടങ്ങിയവയ്ക്ക് ഇനി നിയമ പരിരക്ഷ
ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ ഐക്യകണ്ഠ്യേന പാസാക്കി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവൽക്കരിച്ചു നൽകാൻ നിയമത്തിലൂടെ ഇനി സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതോടെ നിയമസാധുത ലഭിക്കും.
ഓഫീസ് നിർമ്മാണം, വാണിജ്യ മന്ദിരങ്ങൾ എല്ലാത്തിനും ആനുകൂല്യം ലഭിക്കും. നിയമത്തിന്റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.
പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിര്‍മാണങ്ങളും ക്രമവല്‍ക്കരിക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ അറിയിച്ചു. ഭൂപതിവ് നിയമ ഭേദഗതി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചെന്നും റവന്യുമന്ത്രി പറഞ്ഞു. പതിച്ചുകൊടുത്ത ഭൂമിയിലെ നിലവിലെ നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുമെന്നും ഇപ്പോള്‍ അനുവദിക്കാത്ത ചില പ്രവൃത്തികള്‍ പട്ടയഭൂമിയില്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.