Friday, January 10, 2025
Kerala

നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; സമ്പര്‍ക്കപ്പട്ടികയില്‍ 702 പേര്‍

കോഴിക്കോട് നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സമ്പര്‍ക്കപ്പട്ടികയില്‍ 702 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 50 പേരുമാണുള്ളത്.

രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരുടെ സാമ്പിള്‍ പുണെയിലേക്ക് അയച്ചു. നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 22-നാണ് ഇയാള്‍ അസുഖബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെ തിരുവള്ളൂര്‍ കുടുംബ പരിപാടിയില്‍ പങ്കെടുത്തു.

25ാം തീയതി, മുള്ളാര്‍ക്കുന്ന് ബാങ്കില്‍ രാവിലെ 11 മണിയോടെ കാറില്‍ എത്തി. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദില്‍ എത്തി. 26ന് രാവിലെ 11 – 1.30 ന് ഇടയില്‍ ഡോ. ആസിഫ് അലി ക്ലിനിക്കില്‍. 28-ാം തീയതി രാത്രി 9 മണിയോടെ ഇഖ്റ റഹ്‌മ ആശുപത്രി തൊട്ടില്‍ പാലം. 29ാംതീയതി പുലര്‍ച്ചെ 12.02- ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക്. ഇവിടെവെച്ച് മരണപ്പെട്ട മുഹമ്മദിനെ 30-ാം തീയതി ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് എത്തിച്ചു.

നിപ ബാധിച്ച് മരിച്ച രണ്ടാമത്തെ രോഗിയ്ക്ക് സെപ്റ്റംബര്‍ അഞ്ചിനാണ് ഇയാള്‍ക്ക് രോഗലക്ഷണം തുടങ്ങിയത്. അന്ന് ബന്ധുവിന്റെ വീട്ടിലെത്തി. ആറാം തീയതി മറ്റൊരു ബന്ധുവിന്റെ വീട് സന്ദര്‍ശിച്ചു. ഏഴാം തീയതി മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി. അന്നേദിവസം ഉച്ചയ്ക്ക് റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തി. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെ എട്ടാം തിയതി ആയഞ്ചേരിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തി. അന്നുതന്നെ ഇഖ്റ ആശുപത്രിയിലെത്തി. അന്നുതന്നെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ തട്ടാങ്കോട് മസ്ജിദും സന്ദര്‍ശിച്ചു. ഒമ്പതിന് രാവിലെ 10നും 12നും ഇടയില്‍ വില്യാപ്പള്ളിയിലെ ആരോഗ്യ കേന്ദ്രത്തില്‍ പോയി. 10ന് രാവിലെ 10.30നും 11നും ഇടയില്‍ വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയിലെ ആരോഗ്യകേന്ദ്രത്തിലും അന്നെത്തി. 11ന് രാവിലെ ഡോക്ടര്‍ ജ്യോതികുമാറിന്റെ ക്ലിനിക്കിലെത്തി. അന്നുതന്നെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വടകര കോഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി. അവിടെനിന്ന്് മിംസ് ആശുപത്രിയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *