Friday, April 18, 2025
Kerala

‘മതേതരത്വമെന്ന ആശയം അനാവശ്യം, സെക്കുലറിസം എന്ന വാക്ക് ഭരണഘടനയിൽ ഉണ്ടായിരുന്നില്ല’; ജെ നന്ദകുമാർ

മതേതരത്വമെന്ന ആശയം അനാവശ്യമാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. ഭരണഘടനാ നിർമാണ സഭ മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ് ഭരണഘടനയുടെ ആമുഖത്തിൽ ‘സെക്കുലർ’ എന്ന വാക്ക് ചേർക്കുന്നത്. ജാതി രാഷ്ട്രീയം കളിക്കാൻ വേണ്ടി ഇന്ദിരാഗാന്ധി നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ആർഎസ്എസ് പ്രചാരക് ജെ നന്ദകുമാറിന്റെ പ്രതികരണം. ഭാരതത്തില്‍ എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യമാണ് ഭാരതം. അങ്ങനെയുള്ളപ്പോൾ മതേതരത്വം എന്ന ആശയത്തിന് എന്താണ് പ്രസക്തി? അത് അനാവശ്യമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ മാര്‍പാപ്പയുടെ ആധിപത്യത്തിനെതിരെ, മധ്യകാലഘട്ടത്തിലാണ് മതേതരത്വം എന്ന ആശയം ലോകത്തിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുത്വവും ഹിന്ദുയിസവും തമ്മില്‍ വ്യത്യാസമില്ല. രണ്ടും ഒന്നു തന്നെയാണെന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്. സ്വാമി വിവേകാനന്ദന്‍, ഡോ. എസ് രാധാകൃഷ്ണന്‍, അരബിന്ദോ മഹര്‍ഷി തുടങ്ങി ആദ്യകാലത്തെ എല്ലാ തത്വചിന്തകരും അങ്ങനെയാണ് പറഞ്ഞിരുന്നത്. ഈ രാജ്യം എന്നും ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു രാഷ്ട്രമായി തന്നെ തുടരുമെന്നും ആര്‍എസ്എസ് വിശ്വസിക്കുന്നു. അതിനര്‍ത്ഥം മറ്റെല്ലാ മതവിഭാഗങ്ങളെയും വേരോടെ പിഴുതെറിയാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നു എന്നല്ലെന്നും നന്ദകുമാര്‍ പറയുന്നു.

ചരിത്രം തിരുത്തിയെഴുതുന്നത് രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണെന്നും നന്ദകുമാർ. സ്വാഭിമാനമുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്വന്തം പൈതൃകം വീണ്ടെടുക്കുക എന്നത് പ്രധാനമാണ്. മോട്ടിലാല്‍ നെഹ്‌റു മുമ്പ് പറഞ്ഞത് തന്നെ കഴുതയെന്ന് വിളിച്ചാലും ഹിന്ദു എന്നു വിളിക്കരുതെന്നാണ്. അദ്ദേഹത്തിന്റെ മകനും മുന്‍ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് താന്‍ ആകസ്മികമായി ഹിന്ദു ആയതാണ് എന്നാണ്. ഹിന്ദുയിസം സാംസ്കാരികമാണ്, രാഷ്ട്രത്തിന്റെ പേരാണെന്നും നന്ദകുമാര്‍ അവകാശപ്പെടുന്നു. ഭക്ഷണത്തിന്റെ പേരിലുള്ള ആൾകൂട്ടക്കൊലകളെ കുറ്റം പറയാൻ കഴിയില്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറയുന്നുണ്ട്.

കേരളത്തിൽ ബിജെപിക്ക് വളരാൻ കഴിയാത്തതിന്റെ മുഖ്യ കാരണം സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടനയാണ്. കേരള രാഷ്ട്രീയത്തിൽ സംഘടിതമായ ന്യൂനപക്ഷങ്ങൾ ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഇങ്ങനെയൊരു ന്യൂനപക്ഷ വിഭാഗമുള്ളത്. കൂടാതെ ബിജെപിക്കെതിരെ ഒരു അപ്രഖ്യാപിത രാഷ്ട്രീയ കൂട്ടുകെട്ട് കേരളത്തിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ശാഖകളുടെ എണ്ണം വളരെയധികമായിട്ടും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അതെന്തുകൊണ്ട് സഹായകമാകുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നന്ദകുമാർ.

Leave a Reply

Your email address will not be published. Required fields are marked *