നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തളളി
നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും തളളി. ഇത് ആറാം തവണയാണ് പൾസർ സുനിയുടെ ജാമ്യഹർജി കോടതി തളളുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി തുടരുകയാണ് പൾസർ സുനി.
കഴിഞ്ഞ ആറ് വർഷത്തിനിടെ നിരവധി തവണയാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷ വിവിധ കോടതികൾ തള്ളിയത്. ഇതിനിടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പൾസർ സുനിക്ക് കോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇത്. ഇതൊഴിച്ച് നിർത്തിയാൽ വർഷങ്ങളായി ജയിലിൽ തുടരുകയാണ് പൾസർ സുനി. നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി കാറിൽ കയറ്റി ആക്രമിക്കുകയും അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്.
നടിയെ ആക്രമിച്ച കേസിൽ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഒഴിവാക്കാൻ തീരുമാനമായിരുന്നു. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹൈക്കോടതി മാറ്റിയത്. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കേസിൽ കോടതിയെ സഹായിക്കുന്നതിനായി കഴിഞ്ഞദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.
ദിലീപുമായി രഞ്ജിത്ത് മാരാർക്ക് അടുത്ത ബന്ധമാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. രഞ്ജിത്ത് മാരാരും ദിലീപും തമ്മിൽ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. രഞ്ജിത് മരാർ അമിക്കസ് ക്യൂറിയായി തുടരുന്നത് നിഷ്പക്ഷമാകില്ലെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു.
തനിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് മാരാരും കോടതിക്ക് കത്ത് നൽകിയിരുന്നു. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മെമ്മറി കാർഡ് അനധികൃതമായി തുറന്നുവെന്നും, ഹാഷ് വാല്യു മാറിയതിൽ കോടതിയിൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയിൽ ഹർജി നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിന്റെ ഉപഹർജി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം വേണമെന്നതിൽ മറ്റാർക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്നും കോടതി ചോദിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സർക്കാരും വ്യക്തമാക്കി.