Thursday, January 23, 2025
Kerala

22 മണിക്കൂർ നീണ്ട പരിശോധന; എ.സി.മൊയ്തീന്റെ വീട്ടിലെ ഇ.ഡി. റെയ്ഡ് അവസാനിച്ചു

മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. എ സി മൊയ്തീനുമായി ബന്ധമുള്ള 4 പേരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. എന്‍ഫോഴ്‍മെന്റ് ഡയക്ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.

കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. കുന്നംകുളം എംഎൽഎയാണ് എസി മൊയ്തീൻ. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ എ.സി മൊയ്തീന്‍ വീട്ടിലുണ്ടായിരുന്നു. മൂന്ന് കാറുകളിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. കരിവന്നൂ‍ർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേ‍‍ർത്തിട്ടുള്ളത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജിൽസ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് സൂചന. തട്ടിപ്പിനെക്കുറിച്ച് അന്നത്തെ പാർട്ടി ജില്ലാ നേതൃത്വത്തിന് സുരേഷ് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ എസി മൊയ്തീൻ ബിജു, ജിൽസ്, ബിജുവിന്റെ സഹോദരി ഭർത്താവ് എന്നിവരുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് സിപിഐഎം പ്രവർത്തകനായിരുന്നു പരാതിക്കാരൻ സുരേഷ്. എ.സി മൊയ്തീന്റെ പങ്കിനെക്കുറിച്ചുള്ള വിവിധ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *