കെ.എൻ ബാലഗോപാലിൻ്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധം: കെ.സുരേന്ദ്രൻ
കേന്ദ്രസർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ഒരു രാജ്യമല്ലെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും ബാലഗോപാൽ മനസിലാക്കണം. ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട വിഹിതം നിശ്ചയിക്കുന്നത് ധനകാര്യ കമ്മീഷനാണെന്നറിഞ്ഞിട്ടും കേരള ധനമന്ത്രി വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയത് ഗൗരവതരമാണ്.
സ്വന്തം കഴിവ് കേട് മറച്ചുവെക്കാനാണ് ബാലഗോപാൽ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാന സർക്കാർ നികുതി പിരിക്കുന്നതിൽ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വിഹിതം കേരളത്തിന് ലഭിക്കുമായിരുന്നു. ദേശീയതലത്തിൽ നികുതി പിരിവ് 74% ആണെങ്കിൽ കേരളത്തിൽ അത് 42% മാത്രമാണ്. സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയുമാണ് നികുതി പിരിവിൻ്റെ കാര്യത്തിൽ കേരളത്തെ ഏറ്റവും പിന്നിലാക്കുന്നത്.
എന്നാൽ ബാലഗോപാൽ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത്. ആദ്യം ജിഎസ്ടി വിഹിതത്തിൻ്റെ പേരിൽ കള്ളക്കണക്ക് പറഞ്ഞ ബാലഗോപാലിന് കേന്ദ്രധനമന്ത്രി കൃത്യമായ മറുപടി കൊടുത്തപ്പോൾ മലക്കം മറയേണ്ടി വന്നു. പിന്നീട് കടമെടുപ്പിൻ്റെ കാര്യത്തിൽ അദ്ദേഹം തെറ്റായ വിവരം പ്രചരിപ്പിച്ചു. ഒടുവിൽ കേരളത്തിൻ്റെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചുവെന്നത് ബാലഗോപാലിൻ്റെ ഭാവന മാത്രമായിരുന്നുവെന്ന് ബോധ്യമായി. ഇപ്പോൾ ഓണം സംസ്ഥാന സർക്കാർ അവതാളത്തിലാക്കിയപ്പോൾ അതിനെ മറികടക്കാൻ സാമ്പത്തിക ഉപരോധം എന്ന അപകടകരമായ കള്ളം പറയുകയാണ് ധനമന്ത്രി. മന്ത്രി ആൻ്റണി രാജു കെഎസ്ആർടിസിയുടെ തകർച്ചയ്ക്ക് കാരണം കേന്ദ്രമാണെന്നാണ് പറയുന്നത്. എല്ലാത്തിനും കേന്ദ്രത്തെ കുറ്റം പറയാനാണെങ്കിൽ പിന്നെ ഇവിടെ എന്തിനാണ് ഇങ്ങനൊരു സർക്കാരെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.