Thursday, January 23, 2025
Kerala

മൂന്നാറിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തണം, ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്ന് ഹൈക്കോടതി

കൊച്ചി: ചട്ടം ലഘിച്ച് ഇടുക്കിയിൽ നിർമ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിർമ്മാണം ഇന്ന് തന്നെ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മണത്തിനാണ് ഡിവിഷൻ ബഞ്ച് തടയിട്ടത്.ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കി

ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ 7 വില്ലേജുകളിൽ എൻ.ഒസി ഇല്ലാതെ വീടുപോലും നിർമ്മിക്കാൻ അനുവാദമില്ല,ചട്ടം ഇതായിരിക്കെയാണ് ശാന്തൻപാറയിലും, ബൈസൺവാലിയിലും സിപിഎം ഏരിയാ കമ്മിറ്റിക്കായി ബഹുനില കെട്ടിടങ്ങൾ പണിയുന്നത്. ശാന്തൻപാറയിൽ ഏറിയാ കമ്മിറ്റി ഓഫീസ് നിർമ്മാണം നിർത്തിവെക്കാൻ 2022 നവംബർ 25 ശാന്തൻപാറ വില്ലേജ് സെക്രട്ടറി കത്ത് നൽകി. എന്നാൽ ഇത് അവഗണിച്ച് മൂന്ന് നില കെട്ടിടം പണം അവസാന ഘട്ടത്തിലാണ്. ബൈസൺവാലിയിൽ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. രണ്ടിടത്തെയും ചട്ട ലംഘനം ചൂണ്ടിക്കാട്ടി സ്റ്റോപ് മെമ്മോ നൽകിയെങ്കിലും റിപ്പോർട്ടിൽ തുടർ നടപടിയൊന്നും ഉണ്ടായില്ല.

ചട്ടലംഘനം ചൂണ്ടിക്കാ ട്ടിയുള്ള മാധ്യമ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർമ്മാണ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്. ഇതിനായി പോലീസ് സംരക്ഷണം വേണമെങ്കിൽ തേടാമെന്നും ആവശ്യമായ സുരക്ഷ ഒരുക്കാൻ പോലീസ് മേധാവിക്കും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിൻ ബ‌ഞ്ച് നിർദ്ദേശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിൽ അത്തരം കെട്ടിടത്തിന് കെട്ടിട നമ്പറോ, കൈവശാവകാശ രേഖയോ നൽകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാർ കേസുകൾ അടുത്ത മാസം 5ന് കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *