Friday, January 10, 2025
Kerala

‘കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുണ്ടോ’?; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ആരോപണങ്ങളല്ല, ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ് പുറത്തുവന്നത്. മാസപ്പടി ഉള്‍പ്പെടെ നിരവധിയായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രതിപക്ഷത്തിനോടോ മാധ്യമങ്ങളോടോ സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. അങ്ങനെ സംസാരിക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലുള്ളവരാണ് യുഡിഎഫിനെ സംവാദത്തിന് വിളിക്കുന്നത്. എന്തിനാണ് സംവാദത്തിന് പോകുന്നതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

സിപിഐഎം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളിലും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. മാത്യു കുഴല്‍നാടന്‍ ഒറ്റയ്ക്കല്ല. അദ്ദേഹത്തെ പാര്‍ട്ടി സംരക്ഷിക്കും. ഡിവൈഎഫ്‌ഐ തടഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയെ പുറത്തിറക്കില്ലെന്ന് ഡിവൈഎഫ്‌ഐക്ക് പറയാനാകില്ലെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

റവന്യു പരിശോധനാ നടപടിയില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടനും രംഗത്തെത്തി. സിപിഐഎമ്മിനോ ഏജന്‍സികള്‍ക്കോ രേഖകള്‍ പരിശോധിക്കാം. വീണ വിജയന്റെ കാര്യം സംബന്ധിച്ച ചോദ്യത്തിന് മറുപടിയുണ്ടോ എന്നും എംഎല്‍എ ചോദിച്ചു. മാത്യു കുഴല്‍നാടനെ പൂട്ടാനുറച്ചുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിജിലന്‍സ് ചിന്നക്കനാല്‍ പഞ്ചായത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂരേഖകളും വിജിലന്‍സ് പരിശോധിച്ചു. ഹോം സ്‌റ്റേ ലൈസന്‍സില്‍ തന്നെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. ചട്ടഭേദഗതി വരുന്നതിന് മുന്‍പ് റിസോര്‍ട്ട് ലൈസന്‍സ് എടുത്തതായാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്. ഈ മാസം വീണ്ടും വിജിലന്‍സ് വന്നെന്ന് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *