‘മണിപ്പൂരിനെക്കുറിച്ച് സംസാരിക്കൂ’; പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം
മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നു. കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ ലോക്സഭയിൽ മറുപടി പറഞ്ഞ മോദി മണിപ്പൂരിനെക്കുറിച്ച് പരാമർശിക്കാത്തതിനെത്തുടർന്നാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തിയത്.
അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സർക്കാരിന്‍റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്‍റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024 ല്‍ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.
പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാർട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമർശിച്ചു. കേരളത്തിലെ എംപിമാർ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്നാണ് മോദിയുടെ വിമർശനം. അധിർ രഞ്ജൻ ചൗധരി നല്ല അവസരം പാഴാക്കിയെന്നും മോദി പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേത്, ഇത് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണ്. 140 കൊടി ഇന്ത്യക്കാർ ബിജെപിക്ക് അവസരം നൽകി. 30 വർഷത്തിനുശേഷം പൂർണ്ണ ഭൂരിപക്ഷമുള്ള സർക്കാർ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നതോടെ അധിർ രഞ്ജൻ ചൗധരിയെ കോണ്‍ഗ്രസ് ഒതുക്കിയെന്ന് മോദി. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുന്നു.
രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്കായി. ഇന്ത്യയില്‍ സ്റ്റാർട്ടപ്പുകളില്‍ റെക്കോർഡ് വർധനയുണ്ടായി. ഇന്ന് രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപങ്ങളുടെ എണ്ണം വർധിച്ചു. കയറ്റുമതി പുതിയ റെക്കോർഡുകളിലേക്ക് എത്തി.
നീതി ആയോഗിന്റെ റിപ്പോർട്ടർ അനുസരിച്ച് 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തരായി. സ്വച്ഛഭാരത് അഭയാൻ പദ്ധതിയിലൂടെ മൂന്നുലക്ഷം പേരെ മരണത്തിൽ നിന്ന് രക്ഷിച്ചു. ലോകാരോഗ്യ സംഘടന സ്വച്ഛഭാരതിനെ വാഴ്ത്തി. ജൽ ജീവൻ മിഷനിലൂടെ 4 ലക്ഷം പേരെ രക്ഷിച്ചു. വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടുവെന്ന് അദ്ദേഹം ലോക്സഭയിൽ വിശദീകരിച്ചു.