Friday, January 10, 2025
World

മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ട് 18 മരണം: മരിച്ചവരിൽ ഇന്ത്യക്കാരും

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ബസ് അപകടം. പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു.

നയരിത് സംസ്ഥാന തലസ്ഥാനമായ ടെപിക്കിന് പുറത്തുള്ള ഹൈവേയിൽ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമായിരുന്നു അപകടം. എലൈറ്റ് പാസഞ്ചർ ലൈനിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ റോഡിലെ വളവ് തിരിയാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. 131 അടി താഴ്ചയിലേക്കാണ് ബസ് വീണത്. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

മലയിടുക്കിന് ഏകദേശം 40 മീറ്റർ (131 അടി) ആഴമുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബസ് കമ്പനിയോ മെക്സിക്കോയുടെ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടോ സംഭവത്തിൽ പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *