Friday, January 10, 2025
Kerala

‘ദുഃഖവും ലജ്ജയും തോന്നുന്നു’; അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

ആലുവയിൽ അഞ്ച് വയസുകാരി കൊല ചെയ്യപ്പെട്ട സംഭവം അതീവദൗര്‍ഭാഗ്യകരമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വളരെയധികം ദുഃഖവും ലജ്ജയും തോന്നുന്നു. സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടും. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും ​ഗവർണർ പറഞ്ഞു.

മണിപ്പൂര്‍ സംഭവത്തേക്കുറിച്ചു പറഞ്ഞതുപോലെ തന്നെ, ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ​ഗവർണർ ആവശ്യപ്പെട്ടു.

അതേസമയം ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം അത്യന്തം ഹീനമായ കുറ്റകൃത്യമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. മനസാക്ഷിയെ വിറങ്ങലിക്കുന്ന ക്രൂര കൃത്യമാണ് നടന്നത്. മലയാളികൾ ലജ്ജിച്ച് തല താഴ്ത്തണം. ഫെയ്സ് ബുക്കിലൂടെ മാപ്പ് അപേക്ഷിക്കലല്ല കേരള പൊലീസിൻ്റെ പണി.അതിനല്ല നികുതി പണം നൽകി പൊലീസിനെ ഇരുത്തിയിരിക്കുന്നത്. പ്രതിയെ പിടിച്ചെന്ന് വീരവാദം പറയുന്നത് നാണമുണ്ടെങ്കിൽ നിർത്തണം. പകൽ നടന്ന കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പൊലീസിന് സാധിച്ചില്ല. ഒരു രാത്രി മുഴുവൻ പ്രതിക്ക് പോലീസിനെ വഴിതെറ്റിക്കാൻ സാധിച്ചു.ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആരാണെന്ന് കണ്ടെത്തണം.വീഴ്ച്ചയ്ക്ക് ഉത്തരവാദികളായവർ സ്ഥാനങ്ങളിൽ തുടരുതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *