‘മുറിച്ച മരങ്ങൾ ഉയർന്ന വിലയുള്ളത്’; മുട്ടിൽമരം മുറിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി എ.കെ ശശീന്ദ്രൻ
മുട്ടിൽമരം മുറിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. മുറിച്ച മരങ്ങൾ കാലപ്പഴക്കമുള്ളതും ഉയർന്ന വിലയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. മുറിച്ച മരങ്ങളുടെ ഡി.എൻ.എ ടെസ്റ്റ് നടത്തി. മരത്തിന് കൂടുതൽ മൂല്യം ഉണ്ടെന്ന് കണ്ടെത്തി. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചെയ്യാനുള്ളതെല്ലാം ചെയ്തു. ഇനി നടപടി സ്വീകരിക്കേണ്ടത് ക്രൈംബ്രാഞ്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരം മുറി കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. വനം വകുപ്പ് പിടിച്ചെടുത്ത തേക്ക്, ഈട്ടി മരങ്ങൾ മുട്ടിലിലെ വിവിധ പട്ടയ ഭൂമികളിൽ നിന്ന് മുറിച്ചതു തന്നെയാണെന്ന് കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിഎൻഎ പരിശോധനയിൽ വ്യക്തമായി.
വനം വകുപ്പ് കണ്ടുകെട്ടി കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന 100 മരങ്ങളുടെ ഡിഎൻഎ സാംപിളുകളാണ് പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിൽ 73 എണ്ണത്തിന്റെയും ശേഷിക്കുന്ന ഭാഗം മുട്ടിലിലെ പല പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകളുമായി ഒത്തു പോകുന്നുണ്ട്. തടി ഉണങ്ങിയതിനാൽ 27 സാംപിളുകൾ പരിശോധനയ്ക്ക് അനുയോജ്യമായിരുന്നില്ല. മുറിച്ചിട്ട മരങ്ങളുടെ പ്രായവും കണക്കാക്കിയെടുത്തിട്ടുണ്ട്.
പട്ടയ ഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ട് റവന്യു വകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ ചുവടു പിടിച്ചാണ് കേരളത്തിൽ വ്യാപകമായി തേക്ക്, ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയത്. വിവിധ ജില്ലകളിൽ നിന്നായി 14.42 കോടിയുടെ 2696 (2520 തേക്ക്, 174 ഈട്ടി) സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തി. വനം വകുപ്പ് 584 ഒക്കറൻസ് റിപ്പോർട്ടും പൊലീസ് 19 എഫ്ഐആറും റജിസ്റ്റർ ചെയ്തു.