തക്കാളി വിലക്കയറ്റം, പച്ചക്കറി കടയ്ക്ക് ബൗണ്‍സറിന്റെ കാവല്‍; കലാപശ്രമത്തിന് 2 പേര് അറസ്റ്റില്‍
തക്കാളി വിലക്കയറ്റം രൂക്ഷമായതിന് പിന്നാലെ പച്ചക്കറി കടയുടെ സംരക്ഷണത്തിനായി ബൗണ്‍സര്‍മാരെ നിയോഗിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിൽ. ബൗണ്‍സറിനൊപ്പം കടയില്‍ വിലക്കയറ്റത്തിന്റെ 9 വര്‍ഷം എന്ന പ്രതിഷേധ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്ത നൽകിയിരുന്നു.
ക്രമസമാധാന ലംഘനത്തിനും പൊതുജനത്തെ ശല്യം ചെയ്തതിനുമാണ് നിലവിലെ പൊലീസ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമം 153, 291, 505 അടക്കമുള്ളവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തിലാണ് പച്ചക്കറി വില്‍പ്പനക്കാരനേയും മകനേയും അറസ്റ്റ് ചെയ്തത്.
സമാജ് വാദി പാര്‍ട്ടി പ്രവര്ത്തകന് കൂടിയാണ് കടയുടമ.ഞായറാഴ്ചയാണ് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകനായ അജയ് ഫൌജി കടയില്‍ പ്രതിഷേധ പോസ്റ്റുകള്‍ക്കൊപ്പം ബൗണ്‍സര്‍ നിര്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
വാരണാസിയിലെ ലങ്കയിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. അജയ് ഫൌജിയുടെ വിഡിയോ ബിജെപിക്കെതിരായ രൂക്ഷ പരിഹാസത്തോടെയാണ് അഖിലേഷ് യാദവ് അടക്കമുള്ളവര്‍ പങ്കുവച്ചത്. പച്ചക്കടി കച്ചവടക്കാരനെതിരായ പൊലീസ് നടപടിയെ അഖിലേഷ് യാദവ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.