Saturday, October 19, 2024
Kerala

ഏക സിവിൽ കോഡ്; സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടി, വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിൻറെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ്സിന് മടിയാണ്. ഏക സിവിൽ കൊണ്ട് വിഷയത്തിൽ കോൺഗ്രസ്സിന് നിലപാടും നയവുമില്ലെന്നും പിണറായി വിജയൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. കോൺഗ്രസ്സിന്‍റേത് വഞ്ചനാപരമായ നിലപാടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഐ എമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണ്. കോൺഗ്രസ്സിന് ദേശീയ തലത്തിൽ വ്യക്തമായ നിലപാടും നയവുമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്? ഹിമാചൽ മന്ത്രികൂടിയായ കോൺഗ്രസ്സ് നേതാവ് വിക്രമാദിത്യ സിങ്ങ് ഏകസിവിൽ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാണോ കോൺഗ്രസ്സിന്റെ ഔദ്യോഗിക നിലപാട്? തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിയെ എതിർക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുകയാണ്- പിണറായി പറഞ്ഞു.

ദില്ലി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതിവിധി അസാധുവാക്കാൻ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ്സ് ഫലത്തിൽ അനുകൂലിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാർ ഈ ഓർഡിനൻസിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദില്ലി സർക്കാരിനെതിരെ നിലപാടെടുക്കാനാണ് കോൺഗ്രസ്സിന്റെ ദില്ലി, പഞ്ചാബ് ഘടകങ്ങൾ തീരുമാനിച്ചത്. ദേശീയ നേതൃത്വവും ദില്ലിയിലെ ആം ആദ്മി സർക്കാരിന് പിന്തുണ നൽകാൻ തയ്യാറായില്ല. ഏക സിവിൽ കോഡ് വിഷയത്തിലും ഇതേ വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ്സ് പിന്തുടരുന്നത്- മുഖ്യമന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published.