Friday, January 10, 2025
World

ബ്രിട്ടനിൽ മലയാളി നഴ്സിനേയും മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്

ബ്രിട്ടനിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിൽ ചെലേവാലൻ സാജു (52)വിനെ നോർത്താംപ്ടൻഷെയർ കോടതിയാണ് ശിക്ഷിച്ചത്. കേസിൽ കഴിഞ്ഞ ഏപ്രിലിൽ സാജു കുറ്റസമ്മതം നടത്തിയിരുന്നു.

2022 ഡിസംബറിലാണ് യുകെയിൽ നഴ്സായ വൈക്കം സ്വദേശി സഞ്ജു (35), മക്കളായ ജാൻവി, ജീവ എന്നിവർ മരിച്ചത്. നോർത്താംപ്ടൻഷെയറിലെ കെറ്ററിങിലുള്ള വീട്ടിൽ വച്ചാണ് കൊലപാതകം. അഞ്ജു സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മക്കൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മൂന്ന് പേരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

അഞ്ജുവിനു വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യ ലഹരിയിൽ ഭാര്യയേയും മക്കളേയും കൊന്നു എന്നാണ് സാജുവിന്റെ മൊഴി. 2012ലാണ് അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയ വിവാഹം. 2021ലാണ് ഇരുവരും യുകെയില്‍ താമസത്തിനെത്തിയത്.

അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടര്‍ ജെയിംസ് ന്യൂട്ടന്‍-പ്രൈസ് കെസി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സാജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭാര്യ ജോലിക്കു പോകുന്ന സമയത്ത് ഡേറ്റിങ് വെബ്സൈറ്റുകളില്‍ സ്ത്രീകള്‍ക്കായി ഇയാൾ തരച്ചിൽ നടത്തിയതായും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *