Wednesday, April 16, 2025
Kerala

പ്രതിഷേധ മാർച്ച് നടത്തിയതിന് കേസ്; ഡിസിസി പ്രസിഡന്റടക്കം 49 കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റ് വരിച്ചു

കൽപ്പറ്റ: ബ്രഹ്മഗിരി മീറ്റ് ഫാക്ടറി മാർച്ചിൽ പങ്കെടുത്തതിന് ജാമ്യമില്ലാക്കുറ്റം ചുമത്തപ്പെട്ട 49 കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിൽ. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ ഉൾപ്പെടയുള്ളവർ പ്രകടനമായാണ് അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഡിസിസി പ്രസിഡൻ്റും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കം ജാമ്യമില്ലാക്കുറ്റം ചുമത്തി. ഈ മാസം 24നാണ് ബ്രഹ്മഗിരി ഡവലെപ്മെൻ്റ് സൊസൈറ്റിയുടെ മീറ്റ് ഫാക്ടറിയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. തുടർന്ന് 49 പേർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അമ്പലവയൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്യായമായി സംഘം ചേരൽ, കൃത്യ നിർവഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു, സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു എന്നിവയൊക്കെയാണ് ചുമത്തിയ കുറ്റം. ഇതിൽ പ്രതിഷേധിച്ചാണ് അറസ്റ്റു വരിക്കൽ. പത്തു പഞ്ചായത്ത് മെമ്പർമാർ, രണ്ടു ബ്ലോക്ക് പഞ്ചായാത്ത് അംഗങ്ങൾ, 12 വനിതകൾ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

സൊസൈറ്റിയും മീറ്റ് ഫാക്ടറിയും പ്രതിസന്ധിയിലാവാൻ കാരണം സാമ്പത്തിക ക്രമക്കേടാണെന്നാണ് കോൺഗ്രസ് ആരോപണം. അഴിമതിക്കാരെ ശിക്ഷിക്കുന്നതിന് പകരം പ്രതിഷേധക്കാരെ അടിച്ചമർത്തുന്നു എന്നാണ് വിമ‍ർശനം. അടുത്ത ദിവസം ജില്ലയിൽ എത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ലാ നേതാക്കളുമായി ബ്രഹ്മ​ഗിരി പ്രതിസന്ധി ചർച്ച ചെയ്തേക്കും.
­

Leave a Reply

Your email address will not be published. Required fields are marked *