Friday, January 10, 2025
Kerala

എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കോട്ടയം എംജി സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പരീക്ഷാഭവനിലെ മറ്റ് ഡിപ്പാർട്ട്മെന്റ് കളിലും സർവകലാശാലയിലെ മറ്റ് ഓഫീസുകളിലും നടത്തിയ പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ കഴിയാതായതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനമായത്. അതേസമയം, കാണാതായ സർട്ടിഫിക്കറ്റുകൾ അസാധുവാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ബിരുദാനന്തര ബിരുദ കോഴ്സുകളുടെ 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായെന്നാണ് സർവകലാശാലയുടെ വിശദീകരണം. എന്നാൽ ബിരുദ കോഴ്സുകളുടെ 100 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ മാസങ്ങൾക്ക് മുന്നേ നഷ്ടപ്പെട്ടിരുന്നെന്ന വിവരം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിലും സമഗ്ര അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. സർവകലാശാലയിലേക്ക് ഇന്നും വിവിധ സംഘടനകളുടെ മാർച്ച് നടക്കും.

എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് കാണാതായത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്നാണ് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടത്. കാണാതായ ഈ ഫോർമാറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും. 20 കോഴ്‌സുകളുടെ സർട്ടിഫിക്കേറ്റ് ഫോർമറ്റുകളാണ് നഷ്ടപെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ സസ്പൻഡ് ചെയ്തിരുന്നു. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ജോയിന്റ് രജിസ്ട്രാര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തില്‍ വിശദമായ അന്വേഷണം നടത്തും. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റു സെക്ഷനുകളിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *