Wednesday, April 16, 2025
National

സെന്തിൽ ബാലാജിയെ വീഡിയോ കോൺഫറൻസിലൂടെ വിചാരണ ചെയ്യും; മന്ത്രിക്ക് പരുക്കുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ ചെന്നൈ സെഷൻസ് കോടതി. വീഡിയോ കോൺഫറൻസിലൂടെ മന്ത്രിയുടെ വിചാരണ നടത്തും. സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജ് അല്ലിയാണ് വീഡിയോ കോൺഫറൻസിലൂടെ വിചാരണ നടത്തുക. ഇഡിയുടെ വാദങ്ങൾക്കുള്ള മറുപടി നൽകാൻ സെന്തിൽ ബാലാജിയ്ക്ക് അവസരമുണ്ടാകും. ഇതിനിടെ, എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാരിലെ സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് മാറ്റി നൽകി. എക്സൈസ് വകുപ്പ് എസ് മുത്തുസ്വാമിക്കും വൈദ്യുത വകുപ്പ് തങ്കം തെന്നരസിനും നൽകി. വകുപ്പുമാറ്റം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചു. കേസിൽ ഉച്ചക്ക് ശേഷം വിധിയുണ്ടാകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും വിചാരണയിലേക്ക് നീങ്ങാൻ കോടതി തീരുമാനമെടുത്തു.

എയിംസിലെ ഡോക്ടർമാർ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇഡി പുതിയ ഹർജി നൽകിയിട്ടുണ്ട്. ബൈപാസ് സർജറിയുമായി ബന്ധപ്പെട്ട ഓമന്തൂർ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ വിശ്വാസമില്ലെന്ന് നേരത്തെ ഇഡി കോടതിയെ അറിയിച്ചിരുന്നു. അതിനാലാണ് എയിംസിലെ ഡോക്ടർമാർ പരിശോധിക്കണമെന്ന ആവശ്യം ചെന്നൈ സെഷൻസ് കോടതിയിക്ക് മുന്നിൽ പരിഗണക്കായി വെച്ചത്.

ഓമന്തൂർ ആശുപത്രിയിൽ ചികിത്സയിലുള്ള മന്ത്രിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സന്ദർശിച്ചിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനും ജസ്റ്റിസ് എസ് ഭാസ്കരനും അംഗങ്ങളും സന്ദർശിച്ചു. ഇഡിയിൽ നിന്നും മനുഷ്യാവകാശ ലംഘനമുണ്ടായെന്ന ഡിഎംകെയുടെ പരാതിയിലാണ് അന്വേഷണം. പരിശോധനയിലും അറസ്റ്റിലും മനുഷ്യാവകാശ ലംഘനം നടന്നോ എന്ന് കമ്മീഷൻ പരിശോധന നടത്തി. സെന്തിൽ ബാലാജിയ്ക്ക് തലയ്ക്കും ചെവിയ്ക്കും പരുക്കേറ്റിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി കണ്ണദാസൻ അറിയിച്ചു. ഇഡി ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് സെന്തിൽ ബാലാജി മൊഴി നൽകി അന്വേഷണവുമായി സഹകരിയ്ക്കുമെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്ന് സെന്തിൽ പറഞ്ഞതായി മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. തുടർ നടപടികൾ നാളെ തീരുമാനിക്കുമെന്ന് കമ്മിഷൻ അംഗം വി കണ്ണദാസൻ വ്യക്തമാക്കി.

റെയ്ഡുകൾ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം നടത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച സ്റ്റാലിൻ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇൻകം ടാക്സുമെല്ലാം നടത്തുന്ന റെയ്ഡുകൾ പാർട്ടിയെ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം. ബിജെപി ഭരിയ്ക്കുന്ന ഒരു സംസ്ഥാനത്തും റെയ്ഡില്ല. ഭീഷണിപ്പെടുത്തി ബിജെപിയുടെ വശത്താക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *