Thursday, January 23, 2025
Kerala

ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും; നിയമനടപടിയുമായി കെ.സുധാകരൻ

മോൻസൻ മാവുങ്കൽ കേസിൽ ചോദ്യം ചെയ്യലിനു വിളിച്ചതിനു പിന്നാലെ നിയമനടപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് സിജെഎം കോടതിയിൽ അപേക്ഷ നൽകും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിന് പോയേക്കില്ല. ഹൈക്കോടതിയെ സമീപിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് വിലയിരുത്തലാണ് നിലവിൽ ഉള്ളത്.

സുധാകരനെതിരെ ക്രൈം ബ്രാഞ്ച് നിരത്തുന്നത് മോൻസന്റെ മുൻ ജീവനക്കാരുടെ മൊഴിയാണ്. ക്രൈം ബ്രാഞ്ച് മൂന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. കെ.സുധാകരന് നൽകിയത് സിആർപിസി41 പ്രകാരമുള്ള നോട്ടീസ് ആണ്. നാളെ ചോദ്യം ചെയ്യലിന് ഹാജരായാൽ അവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈം ബ്രാഞ്ച് നിയമോപദേശം തേടി.

ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കാനാണ് സുധാകരൻ തീരുമാനിച്ചിരുന്നത്. കേസ് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു സുധാകരൻ്റെ ആവശ്യം. കേസിൽ നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുധാകരനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരൻ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.

കെ സുധാകരനെ രണ്ടാം പ്രതിയായി ചേർത്താണ് ക്രൈം ബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസും അയച്ചിട്ടുണ്ട്. മറ്റന്നാൾ കളമശ്ശേരി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം.

മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ തന്നെ അറിയിച്ചിരുന്നു. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോൻസൻ മാവുങ്കൽ കുടുങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു. സുധാകരനുമായി മോൻസന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാർ പരാതിയിൽ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *