Friday, January 10, 2025
Kerala

മിഥുനമാസപൂജ: ശബരിമലക്ഷേത്ര നട ജൂണ്‍ 15 ന് തുറക്കും

മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ജൂണ്‍ 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.

മാളികപ്പുറം മേല്‍ശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും, നട തുറക്കുന്ന 15 ന് ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. മിഥുനം ഒന്നായ ജൂണ്‍ 16ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. 7.30 ന് ഉഷപൂജ. 12.30 ന് ഉച്ചപൂജ. ക്ഷേത്ര തിരുനട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉഷപൂജയ്ക്കുശേഷം 8 മണിമുതല്‍ മാത്രെമെ കുട്ടികള്‍ക്ക് ചോറൂണ് നടക്കുകയുള്ളൂ.

ജൂണ്‍ 16 മുതല്‍ 20 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം 5 മണിക്ക് ആണ് വീണ്ടും തുറക്കുക. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 20ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കര്‍ക്കിടക മാസപൂജകള്‍ക്കായി ക്ഷേത്രനട ജൂലയ് 16ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 16 മുതല്‍ 21 വരെ തിരുനട തുറന്നിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *