ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ നിർദേശം
സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും പ്രധാന സ്റ്റോറിലുളള ബ്ലീച്ചിങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകി. ബ്ലീച്ചിംഗ് പൗഡർ ഈർപ്പം തട്ടാതെ പ്രത്യേകം മുറിയിൽ സൂക്ഷിക്കണമെന്നാണ് ഡിഎംഒ മാർക്ക് നൽകിയ നിർദേശം. മരുന്നുകൾ, കെമിക്കലുകൾ തുടങ്ങിയവ സൂക്ഷിക്കുന്നതിലും ജാഗ്രത വേണം.
മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഗോഡൗണുകളിൽ ബ്ലീച്ചിങ് പൗഡറിന് തീ പിടിച്ച സാഹചര്യത്തിലാണ് പ്രത്യേക നിർദേശം. ആരോഗ്യ സ്ഥാപനങ്ങളിൽ വേണ്ടത്ര സൗകര്യമില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശിച്ചു. ഇതിനിടെ, തീപിടുത്തമുണ്ടായ ഇടങ്ങളിലെ രാസപരിശോധനാ റിപ്പോർട്ട് സർക്കാരിനു കൈമാറി. തീപിടുത്ത കാരണം വിശദീകരിക്കാൻ ആരോഗ്യ മന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.