‘മോദി എയര്‍വെയ്സി’ല്‍ പ്രധാനമന്ത്രിയെ കാണാൻ പറന്നെത്തി ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍
ഓസ്ട്രേലിയയിലേക്ക് എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുങ്ങുന്നത് വന്‍ വരവേല്‍പ്. പ്രാധനമന്ത്രിയുടെ ഇന്നത്തെ റാലിയില്‍ 20000 ആളുകളാണ് പങ്കെടുക്കുകയെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസ്ട്രേലിയയില്‍ മൂന്ന് ദിവസമാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. പാപ്പുവ ന്യൂ ഗിനിയയില്‍ നിന്നാണ് പ്രധാനമന്ത്രി ഓസ്ട്രേലിയയിലേക്ക് എത്തുന്നത്. ജി 7 ഉച്ചകോടിക്ക് പിന്നാലെ വെള്ളിയാഴ്ചയാണ് ത്രിരാജ്യ സന്ദര്‍ശനം ആരംഭിച്ചത്.
റാലിയില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെ വിവിധ മേഖലയില്‍ നിന്നായി നിരവധിപ്പേരാണ് സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സിഡ്നിയിലേക്ക് എത്തുന്നത്. മെല്‍ബണില്‍ നിന്ന് മോദി എയര്‍വെയ്സില്‍ സിഡ്നിയിലെത്തിയത് 170ല്‍ അധികം ആളുകളാണ്.
ത്രിവര്‍ണപതാക വീശിയും ദേശീയ പതാകയുടെ നിറമുള്ള തലപ്പാവുകളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു നോക്ക് കാണാനും അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാനുമായി ഇവര്‍ പ്രത്യേക വിമാന സര്‍വീസായ മോദി എയര്‍വേയ്സില്‍ കയറാനെത്തിയത്.