Saturday, April 19, 2025
Sports

ഒളിമ്പിക്‌സ് പരിശീലനം; നിഖത് സരിന് 2 കോടി രൂപ പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ബോക്‌സിങ് താരം നിഖത് സരിന് രണ്ട് കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നിഖിത് സരിന്‍ രാജ്യത്തിന് വേണ്ടി ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടുമെന്നും ഒരിക്കല്‍ കൂടി വിജയകിരീടം അണിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉറപ്പാക്കും. നിഖത് സരിന്റെ പ്രാക്ടീസിനും കോച്ചിങിനും യാത്രയ്ക്കും മറ്റ് ചെലവുകള്‍ക്കും കൂടിയാണ് രണ്ട് കോടി രൂപ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ശാന്തി കുമാരിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ ചന്ദ്രശേഖര റാവു വ്യക്തമാക്കി. കായിക മന്ത്രി വി. ശ്രീനിവാസ് ഗൗഡ്, ആഭ്യന്തര മന്ത്രി മെഹമൂദ് അലി, മന്ത്രിമാരായ പ്രശാന്ത് റെഡ്ഡി, മല്ല റെഡ്ഡി തുടങ്ങിയ യോഗത്തില്‍ പങ്കെടുത്തു.

മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന വനിതാ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ 50 കിലോ വിഭാഗം ഫൈനലില്‍ നിഖത് സ്വര്‍ണം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ നിഖതിന്റെ രണ്ടാമത്തെ സ്വര്‍ണ്ണ മെഡലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ നടന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ നിഖത് സരിന് തെലങ്കാന സര്‍ക്കാര്‍ 2 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദില്‍ ഒരു റെസിഡന്‍ഷ്യല്‍ പ്ലോട്ട് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിസാമാബാദ് ജില്ലയില്‍ നിന്നുള്ള നിഖത് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറായി.

Leave a Reply

Your email address will not be published. Required fields are marked *