Thursday, January 9, 2025
National

സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴി തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെ അല്ലെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ വാദത്തിന് വിരുദ്ധമാണ് മന്ത്രിയുടെ വിശദീകരണം. ലോക് സഭയില്‍ എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ ഉന്നയിച്ച ചോദ്യത്തിനായിരുന്നു അനുരാഗ് സിങ് ഠാക്കൂറിന്റെ രേഖാമൂലമുള്മള മറുപടി.

യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും മന്തി പറഞ്ഞു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. 30 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. ഇതുവരെ കേസിൽ 16 പേരെ അറസ്റ്റ് ചെയ്തു. അതിൽ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.
2020 ജൂലായിലാണ് ഡിപ്ലോമാറ്റിക്ക് ചാനലിലൂടെ സ്വര്‍ണം കടത്തുന്നതായി സംശയമുണ്ടെന്ന് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണര്‍ ഓഫീസ്
വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. കേസില്‍ സുതാര്യമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *