കേരളത്തിലേക്ക് സിന്തറ്റിക്ക് ലഹരി കടത്ത്; നൈജീരിയൻ യുവതി ബംഗളൂരുവിൽ പിടിയിൽ
കേരളത്തിലേക്ക് സിന്തറ്റിക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ബംഗളൂരുവിൽ പിടിയിൽ. നൈജീരിയൻ സ്വദേശി ഹഫ്സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്. കാസർഗോഡ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
കാസർഗോഡ് ബേക്കലിൽ 150 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ദമ്പതികളിൽ നിന്നാണ് ലഹരിക്കടത്തിന് പിന്നിലെ നൈജീരിയൻ സംഘങ്ങളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇതേ തുടർന്ന് ബേക്കൽ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബംഗളൂരുവിൽ എത്തി. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ കാസർഗോട്ടേക്കും മറ്റ് വിവിധ ജില്ലകളിലെ ഇടപാടുകാർക്കും ലഹരി മരുന്ന് എത്തിച്ചു നൽകിയിരുന്ന നൈജീരിയൻ യുവതി പൊലീസിന്റെ വലയിലായി. ലഹരിക്കടത്ത് സംഘങ്ങളുടെ താവളത്തിൽ നിന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലൂടെ കാസർഗോട്ടെ ലഹരി ഇടപാട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. സിന്തറ്റിക് ലഹരി മരുന്നുകൾ എത്തിക്കുന്ന യഥാർത്ഥ ഉറവിടം കണ്ടെത്താനാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.