ക്രൈസ്തവ സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സംവരണം അനുവദിക്കണമെന്ന് ജസ്റ്റിസ് ജെബി കോശി കമ്മീഷന്റെ ശുപാര്‍ശ
ക്രൈസ്തവ സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സംവരണവും തീരദേശവാസികള്‍ക്ക് മെച്ചപ്പെട്ട പുനരധിവാസ പാക്കേജും അനുവദിക്കണമെന്ന് ജസ്റ്റിസ് ജെബി കോശി കമ്മീഷന്റെ ശുപാര്‍ശ. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച കമ്മീഷന്‍ ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറും. ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ജസ്റ്റിസ് ജെബി കോശി ട്വന്റിഫോറിനോട് പറഞ്ഞു. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സംഘടനകള്‍ ഇതിനോടകം രംഗത്തെത്തി.
ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനമുണ്ടെന്ന ക്രൈസ്തവ സഭകളുടെ പരാതിയെത്തുടന്നായിരുന്നു രണ്ടര വര്‍ഷം മുന്‍പ് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. പട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.ബി കോശിക്കൊപ്പം മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഡോ. ജേക്കബ് പുന്നൂസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളായിരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കവസ്ഥ പഠിച്ച കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. തൊഴിലധിഷ്ടിത സാമൂഹികമാറ്റമാണ് കമ്മീഷന്റെ പ്രധാന നിര്‍ദേശം. ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പിസ്‌സി നിയമനങ്ങളില്‍ കൂടുതല്‍ സംവരണം, തീരദേശത്തുള്ളവര്‍ക്ക് മികച്ചതും പ്രായോഗികവുമായ പുനരധിവാസ പാക്കേജ്, മലയോരമേഖലയിലെ വന്യമൃഗ ഭീഷണിക്കുള്ള പരിഹാരം എന്നിവയും കമ്മീഷന്‍ നിര്‍ദേശങ്ങളിലുണ്ട്.
80.20 അനുപാതത്തിലെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം ജനസംഘ്യാനുപാദത്തിലാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ ഇതിന് അപ്പീലും നല്‍കി. കോടതി പരിഗണനയിലായതിനാല്‍ സ്‌കോളര്‍ഷിപ്പ് വിഷത്തില്‍ ജെബി കോശി കമ്മീഷന്‍ കാര്യമായി ഇടപെടുന്നില്ല.