രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര വിഫലമായില്ല; കര്‍ണാടകയിലെ ഹിന്ദുത്വ കാര്‍ഡ് കീറിയെറിഞ്ഞതില്‍ അളവറ്റ സന്തോഷമെന്ന് കെ.ടി ജലീല്‍
കര്‍ണാടകയില്‍ വെറുപ്പിന്റെ ചന്ത ജനങ്ങള്‍ തകര്‍ത്തുവെന്ന് ഡോ. കെ ടി ജലീല്‍. കര്‍ണാടകയില്‍ ഹിന്ദുമത വിശ്വാസികള്‍ ബി.ജെ.പിയുടെ ‘ഹിന്ദുത്വ’കാര്‍ഡ് കീറിയെറിഞ്ഞത് രാജ്യത്തിന് നല്‍കുന്ന സന്തോഷം അളവറ്റതാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഒരു ഹിന്ദുത്വ കക്ഷിയെ നിരോധിക്കുമെന്ന് പറഞ്ഞ് ഒരു പാര്‍ട്ടിയും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടാവില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര വിഫലമായില്ലെന്ന സൂചനയാണ് കര്‍ണാടക നല്‍കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു.
‘ഡി.കെ ശിവകുമാറും സീതാരാമയ്യയും തീര്‍ത്ത വര്‍ഗ്ഗീയ വിരുദ്ധ പ്രതിരോധ കവചം ഭേദിക്കാന്‍ മോദിയുടെയും അമിത്ഷായുടെയും ”ജയ് ഹനുമാന്‍’ മുദ്രാവാക്യത്തിനായില്ല. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര വിഫലമായില്ലെന്ന സൂചനയാണ് കര്‍ണ്ണാടക നല്‍കുന്നത്.
പണം കൊടുത്ത് വിലക്ക് വാങ്ങിയ ഗോവയും പോണ്ടിച്ചേരിയും മാറ്റി നിര്‍ത്തിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമായിരിക്കുന്നു. അമിത്ഷായുടെ മൂട്ടില്‍ അമിട്ട് പൊട്ടിയ പ്രതീതിയാണ് കാര്‍ണ്ണാടകയിലെ തോല്‍വി ബി.ജെ.പി കേമ്പുകളില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഒരുപക്ഷെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഒരു ഹിന്ദുത്വ കക്ഷിയെ നിരോധിക്കുമെന്ന് പറഞ്ഞ് ഒരു പാര്‍ട്ടിയും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടാവില്ല. പ്രകടനപത്രികയിലെ ‘ഭജ്‌റംഗ്ദള്‍’നിരോധനം കോണ്‍ഗ്രസ്സിന്റെ ജയസാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയവര്‍ കോണ്‍ഗ്രസ് പക്ഷത്തും പുരോഗമന രാഷ്ട്രീയ പക്ഷത്തും ധാരാളമുണ്ടായിരുന്നു. അവരുടെയെല്ലാം ധാരണ തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് കോണ്‍ഗ്രസ്സിന്റെ തകര്‍പ്പന്‍ മുന്നേറ്റം.
സമീപകാലത്ത് കര്‍ണ്ണാടകയിലുണ്ടായ എല്ലാ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളും ബി.ജെ.പി പിന്തുണയില്‍ നടത്തിയിരുന്നത് തീവ്ര ഹിന്ദുത്വ വര്‍ഗ്ഗീയ വാദികളായ ഭജ്‌റംഗ്ദളാണ്. ‘ഹിജാബ്’ വിവാദവും മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങളും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും ടിപ്പു മസ്ജിദ് പിടിച്ചടക്കാനുള്ള നീക്കവുമെല്ലാം നടത്തി കര്‍ണ്ണാടകയുടെ മതേതര മനസ്സിനെ വിഷലിപ്തമാക്കാന്‍ ആവുന്നതെല്ലാം അവര്‍ ചെയ്തു. ലോകത്തിനു മുന്നില്‍ കര്‍ണാടകയെ നാണം കെടുത്തി.
ഭജ്‌റംഗ്ദളിന്റെ അസഹിഷ്ണുതാ പ്രചരണത്തെ ഹിന്ദു ഏകീകരണത്തിന് ഉപയോഗിക്കാനാണ് മോദിയും അമിത്ഷായും ലക്ഷ്യമിട്ടത്. ഇല്ലാക്കഥ പറഞ്ഞ് മെനഞ്ഞെടുത്ത ‘കേരള സ്റ്റോറി’യുടെ മഹത്വം പറഞ്ഞ് ഘോരഘോരം പ്രസംഗിച്ച് ഹിന്ദുക്കളെ ഭയപ്പെടുത്തിയ മോദിയുടെ മുഖത്തേറ്റ കനത്ത അടിയാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം. മലയാളക്കരയിലെ ‘കേരള സ്റ്റോറി’ ആരാധകര്‍ക്കും ഇതൊരു പാഠമാണ്.
ഗാന്ധിജിയുടെയും നഹ്‌റുവിന്റെയും മൗലാനാ ആസാദിന്റെയും ഇന്ത്യയെ പുനസൃഷ്ടിക്കാന്‍ കര്‍ണ്ണാടകയിലെ 84% വരുന്ന ഹിന്ദുക്കള്‍ തീരുമാനിച്ചതിന്റെ ആഹ്ലാദം ഏതൊരു മതേതര വിശ്വാസിയേയും ആവേശം കൊള്ളിക്കും. നൂറ്റാണ്ടുകള്‍ മോദിയും അമിത്ഷായും മോഹന്‍ ഭാഗവതും കിണഞ്ഞ് നോക്കിയാലും 80% വരുന്ന ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികളെ ന്യൂനപക്ഷ വിരുദ്ധതയുടെ കാവിപുതപ്പിച്ച് കൂടെ നടത്താന്‍ കഴിയില്ല.
കര്‍ണ്ണാടകയില്‍ 13% വരുന്ന മുസ്ലിങ്ങള്‍ക്ക് നല്‍കിയിരുന്ന 4% സംവരണം തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. മതേതര കക്ഷികള്‍ അതിനെ ശക്തമായി എതിര്‍ത്തു. മുസ്ലിങ്ങള്‍ ഉള്‍പ്പടെ എല്ലാ മത സമുദായ ജാതി വിഭാഗങ്ങള്‍ക്കും സംവരണം ഉറപ്പു വരുത്തുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കി. അതിന് ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും സങ്കോചമില്ലാതെ അവര്‍ വ്യക്തമാക്കി.
സമീപകാലത്ത് ഇത്രമാത്രം ‘ബോള്‍ഡായി’ കോഗ്രസ്സ് ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടാവില്ല. തീവ്ര ഹിന്ദുത്വത്തിനുള്ള ബദല്‍ മൃദു ഹിന്ദുത്വമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ തെറ്റായ ധാരണ തിരുത്താന്‍ സമയം അതിക്രമിച്ചെന്ന സന്ദേശവും കൂടിയാണ് കര്‍ണ്ണാടക നല്‍കുന്നത്.
ഭജ്‌റംഗ്ദള്‍ നിരോധനം ഇന്ത്യന്‍ പൈത്യകത്തോടുള്ള കടുത്ത അവഹേളനയാകുമെന്നും അത് സമ്മതിക്കരുതെന്നുമുള്ള മോദിയുടെ ആഹ്വാനം ജനം പുച്ഛിച്ചു തള്ളി. യഥാര്‍ത്ഥ ഹിന്ദുക്കള്‍ വെറുപ്പിന്റെ ചന്ത കര്‍ണാടകയില്‍ അടച്ചുപൂട്ടി. തല്‍സ്ഥാനത്ത് സ്‌നേഹത്തിന്റെ കടകള്‍ തുറക്കുകയും ചെയ്തു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ച് മോദിയുടെയും അമിത്ഷായുടെയും വര്‍ഗ്ഗീയ തേരോട്ടത്തിന് കടിഞ്ഞാണിട്ട മുഴുവന്‍ മതേതര വിശ്വാസികള്‍ക്കും അഭിനന്ദനങ്ങള്‍.
ഇന്ത്യയിലെ ജനങ്ങള്‍ സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവരാണ്. അഞ്ചോ പത്തോ വര്‍ഷം അവര്‍ക്കിടയില്‍ ചേരിപ്പോരുണ്ടാക്കി തെരഞ്ഞെടുപ്പു വിജയം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ആത്യന്തികമായി പകയുടെ രാഷ്ട്രീയം ഇന്ത്യന്‍ മനസ്സുകളില്‍ വേരുപിടിപ്പിക്കാനാവില്ല. ഒരുറുമ്പിനെപ്പോലും നോവിക്കരുതെന്നാണ് ഭാരതീയ സംസ്‌കാരം ഉല്‍ഘോഷിക്കുന്നത്.
ജയിച്ച കോണ്‍ഗ്രസ്സിനെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അലട്ടാതിരിക്കട്ടെ. അധികാര വടംവലി കാര്‍ണ്ണാടകയിലെ മിന്നും ജയത്തിന്റെ പൊലിമ കെടുത്താതിരിക്കട്ടെ. ഐക്യത്തോടെ മുന്നേറാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ണാടക കരുത്തേകട്ടെ. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ‘മുസീബത്തില്‍’ നിന്ന് ഇന്ത്യ രക്ഷപ്പെടട്ടെ’. ഡോ കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.