കേരള സർവകലാശാല യുവജനോത്സവത്തിൽ സംഘർഷം; ലാത്തിച്ചാർജ്, മത്സരാർത്ഥിക്കും അമ്മയ്ക്കും പരിക്ക്
അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ സംഘർഷം. സംഘനൃത്തം ഫലം അട്ടിമറിച്ചെന്നാരോപിച്ച് വിദ്യാർഥികളും സംഘാടകരും ഏറ്റുമുട്ടി. മത്സരാർത്ഥിക്കും അമ്മയ്ക്കും പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ സംഘാടകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ ഏരിയാ സെക്രട്ടറിയടക്കം പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
നാല് ദിവസമായി നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ അമ്പലപ്പുഴ ഗവ: കോളജിലാണ് വിദ്യാർഥികളും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് രാവിലെ ഏതാനും വിദ്യാർഥിനികൾ ഓഫീസിൽ കയറി മത്സരത്തിന് അപ്പീൽ നൽകാനെന്ന വ്യാജേന ഫലവുമായി ഓടി രക്ഷപ്പെട്ടതായി സംഘാടക സമിതി പറയുന്നു. ഇതേച്ചൊല്ലി ഏതാനും വിദ്യാർഥികളും സംഘാടകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തിൽ മത്സരാർത്ഥിക്കും മാതാവിനും പരിക്കേറ്റു. തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന അമ്പലപ്പുഴ പൊലീസ് ലാത്തി വീശിയത്. SFI മാന്നാർ ഏരിയ സെക്രട്ടറി അനന്തു കൃഷ്ണൻ, അമ്പലപ്പുഴ ഏരിയ കമ്മിറ്റിയംഗം ഷമീറ, അരൂർ ഏരിയ കമ്മിറ്റിയംഗം ഇർഷാദ് തുടങ്ങിയവർക്ക് പരിക്കേറ്റു. കാര്യമറിയാതെ പൊലീസ് മർദ്ദിക്കുകയായിരുന്നു എന്നാണു എസ്എഫ്ഐയുടെ ആരോപണം. അതേസമയം പൊലീസിനെ ആക്രമിച്ചതിനും വിദ്യാർത്ഥികളെ മർദ്ദിച്ചതിനും 20 ഓളം SFI പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.