Tuesday, April 15, 2025
Kerala

കേരള സ്റ്റോറി വിവാദം: ‘മതസൗഹാർദ്ദം തകർക്കുക ലക്ഷ്യം, സിനിമയുടെ ഭാവി കോടതി തീരുമാനിക്കട്ടെ’: സീതാറാം യെച്ചൂരി

ദില്ലി: കേരളത്തിന്റെ മത സൗഹാർദ്ദം തകർക്കുകയാണ് ദി കേരള സ്റ്റോറി എന്ന സിനിമയുടെ ലക്ഷ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സിനിമ നിരോധനത്തിന് എതിരാണ്. എന്നാൽ കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും കേരള സ്റ്റോറി സിനിമ വിവാദത്തിൽ യെച്ചൂരി പറഞ്ഞു.

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിയ നാടാണ് യഥാർത്ഥ കേരള സ്റ്റോറി. കേരളത്തിന്റെ യഥാർഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലൗ ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകൾ യഥാർഥവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ജനങ്ങൾ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിർത്തവരാണെന്നും യെച്ചൂരി പറഞ്ഞു. അതേസമയം,
എഐ ക്യാമറ വിവാദത്തിൽ ആരോപണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. രാജ്യത്തെ കുറിച്ച് ചോദിക്കു പറയാമെന്നും ഈ സംഭവം അറിയില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

വിവാദങ്ങൾക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണം അണിയറ പ്രവർത്തകർ തിരുത്തി. മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്നു പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *