നടി ജിയാ ഖാന്റെ ആത്മഹത്യ; 10 വർഷത്തിന് ശേഷം ഇന്ന് വിധി
നടി ജിയാ ഖാന്റെ ആത്മഹത്യയിൽ പത്ത് വർഷത്തിന് ശേഷം വിധി പറയാനൊരുങ്ങി മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി. ജിയാ ഖാനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ നടൻ ആദിത്യ പഞ്ചോളിയും അമ്മ സറീന വഹാബും പ്രതികളാണ്. ജൂഹുവിലെ വസതിയിൽ ഒരുമുഴം കയറിൽ ജീവനൊടുക്കും മുൻപ് സൂരജ് പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിനാധാരം.
സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനിൽ നിന്ന് നേരിട്ട ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചും ജിയ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പീഡനങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജിയ പറയുന്നു. സ്‌പെഷ്യൽ സിബിഐ ജഡ്ജി എഎസ് സയ്യാദാണ് കേസിൽ വിധി പറയുക.
2013 ജൂൺ 13നാണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജിയയുടെ മരണത്തെ തുടർന്ന് കാമുകനായ സൂരജ് പഞ്ചോളി കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ ജിയാ ഖാൻ ജീവനൊടുക്കിയതാണെന്നും, കാരണം സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളാണ് കാരണമെന്നും കണ്ടെത്തിയിരുന്നു. ജിയാ ഖാന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സൂരജ് പഞ്ചോളിക്കെതിരെ സിബിഐ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്.
സൂരജ് ഉൾപ്പെടെയുള്ള 22 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ജിയക്ക് ഗർഭഛിദ്രം നടത്തിയ ഡോക്ടർ, ജിയയുടെ ഫ്‌ളാറ്റിലെ വാച്ച്മാൻ, സൂരജിൻറെ സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെടുന്നു.