‘തീരുമാനങ്ങള്‍ പാലിക്കുന്നില്ല’; ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ എംപിമാര്‍
സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും ഹൈക്കമാൻഡിനെ സമീപിക്കാൻ എംപിമാർ. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വിജയിപ്പിക്കേണ്ട നേതൃത്വം തന്നെ തോൽപ്പിക്കാൻ തയാറെടുപ്പുകൾ നടത്തുകയാണെന്ന് ആണ് എംപിമാരുടെ ആരോപണം. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങള്‍ പാലിക്കുന്നില്ലെന്നും എംപിമാര്‍ പറയുന്നു. വിഷയത്തിൽ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ തേടാനാണ് എംപിമാരുടെ നീക്കം.
അതേസമയം കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ വൈകാരിക പ്രസംഗവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ടെന്ന് കൈ കൂപ്പി കൊണ്ട് എക്‌സിക്യൂട്ടീവ് യോഗത്തിൽ കെ സുധാകരന്‍ പറഞ്ഞു.
ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയര്‍ന്നു. നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷൻ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു. ശശി തരൂർ നിരന്തരം പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കുന്നുവെന്ന് ജോൺസൺ എബ്രഹാം പറഞ്ഞു.
മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സർക്കാരിന് നേട്ടമാകുന്നുവെന്നായിരുന്നു അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ വിമർശനം. പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുന്നത് പിണറായി സർക്കാരിന് നേട്ടമാകുന്നുവെന്നും തിരുവഞ്ചൂർ വിമർശിച്ചു.