Thursday, April 17, 2025
National

ഓടുന്ന കാറിൽ 19-കാരിക്ക് കൂട്ടബലാത്സംഗം; നാലുപേർ അറസ്റ്റിൽ

കർണാടക ബെംഗളൂരുവിൽ ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കോറമംഗലയിലെ പാർക്കിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ സംഘം ചേർന്ന് തട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ നാലുപേരെ പൊലിസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ മാർച്ച് 25നായിരുന്നു സംഭവം അരങ്ങേറിയത്. സുഹൃത്തിനൊപ്പം കോറമംഗലയിലെ നാഷണൽ ഗെയിം വില്ലേജ് പാർക്കിൽ ഇരിയ്ക്കുയായിരുന്നു പെൺകുട്ടി. സമീപത്തുണ്ടായിരുന്ന നാലു യുവാക്കളിൽ ഒരാളുമായി പുകവലിയ്ക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായി. തുടർന്ന്, അവിടെ നിന്നും പോയ ഇയാൾ പിന്നീട് മറ്റ് മൂന്നുപേരുമായി എത്തി. പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും ഓടിച്ച ശേഷം പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. രാത്രി പത്ത് മണിയ്ക്കാണ് പെൺകുട്ടിയെ കൊണ്ടുപോയത്. പുലർച്ചെ നാലിന് കുട്ടിയുടെ വീടിന് സമീപത്തായി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ പരാതി പ്രകാരം കേസെടുത്ത പൊലിസ്, കോറമംഗല സ്വദേശികളും വിവിധ സ്വകാര്യ കമ്പനികളിലെ ഓഫിസ് ജീവനക്കാരുമായ സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരെ അറസ്റ്റു ചെയ്തു. പ്രതികളെല്ലാം 22-നും 26-നും ഇടയിൽ പ്രായമുള്ളവരാണ്. ഈ പ്രദേശത്ത് തന്നെ താമസിക്കുന്ന പെൺകുട്ടിയെ പ്രതികൾക്ക് കണ്ട് പരിചയമുണ്ടായിരുന്നു. ക്രൂരമായ പീഡനത്തെ തുടർന്ന് ആരോഗ്യ നില മോശമായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *